Header Ads

  • Breaking News

    ഇലക്ട്രിക് വാഹനങ്ങളുടെ 80-20 നിയമം എന്താണ്? അറിഞ്ഞിരുന്നാൽ ആയുസിന് നല്ലത്



    പുതിയ ഇലക്ട്രിക് വാഹന ഉടമ എന്ന നിലയിൽ, നിങ്ങളുടെ കാറിന്റെയോ ഇരുചക്രവാഹനത്തിന്റെയോ ബാറ്ററി ശേഷി, ഈട്, ചാർജിങ്ങിന്റെ സ്വഭാവം എന്നിവ മനസ്സിലാക്കുന്നത് തടസ്സങ്ങളില്ലാത്ത ഡ്രൈവിങ് അനുഭവത്തിന് വളരെ പ്രധാനമാണ്. പുതിയ EV ഉപയോക്താക്കൾക്കിടയിലെ ഒരു സാധാരണ സംശയമാണ്, ഓരോ തവണയും EVയുടെ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് അതിൻ്റെ ആയുസ് കുറയ്ക്കുമോ എന്നത്. EV ബാറ്ററിയുടെ ഈടുമായി ബന്ധപ്പെട്ട ചില സാധാരണ അബദ്ധധാരണകളും EV ഉടമകൾ വ്യാപകമായി പിന്തുടരുന്ന 80-20 നിയമവും നോക്കാം.

    EV നിർമ്മാതാക്കൾ വാഹനങ്ങളുടെ 80 ശതമാനം വരെയുള്ള ചാർജിങ് ശേഷിയെക്കുറിച്ചോ അല്ലെങ്കിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ എടുക്കുന്ന വേഗതയേക്കുറിച്ചോ എപ്പോഴും എടുത്തു പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാങ്കേതികമായി ഇത് വിശദീകരിക്കാനാകും.

    കാരണം മിക്ക ആധുനിക EVകളിലും വിപുലമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങൾ ഉണ്ട്. അവ 80 ശതമാനം State of Charge (SoC) കൈവരിച്ചതിന് ശേഷം ചാർജിങ് വേഗത കുറയ്ക്കുന്നു. ഇത് ബാറ്ററിക്ക് അമിതമായ സമ്മർദ്ദം നൽകാതെ പൂർണമായി ചാർജ് ചെയ്യാൻ സഹായിക്കുന്നു.

    സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ പൂർണ ശേഷിയിലേക്ക് ചാർജ് ചെയ്യുമ്പോൾ ഉയർന്ന സമ്മർദ്ദത്തിന് വിധേയമാകുന്നു എന്ന അടിസ്ഥാന തത്വം EVകളിലെ 80-20 നിയമത്തിന് അടിസ്ഥാനമാണ്. ഈ നിയമം അനുസരിച്ച്, EV ഉപയോക്താക്കൾ ബാറ്ററി SoC 20 ശതമാനത്തിൽ താഴെ പോകാൻ അനുവദിക്കരുത്.

    കൂടാതെ ബാറ്ററി 80 ശതമാനത്തിൽ കൂടുതൽ എപ്പോഴും ചാർജ് ചെയ്യാത്തതാകും നല്ലത്. ഇതിന് പിന്നിലെ ആശയം, ബാറ്ററിക്ക് യാതൊരു സമ്മർദ്ദവും അനുഭവപ്പെടാത്ത ‘sweet spot’-ൽ അതിൻ്റെ ചാർജ് നിലനിർത്തുക എന്നതാണ്. ഇത് ബാറ്ററിയുടെ ദീർഘകാല ഈട് ഉറപ്പാക്കുന്നു.

    80-20 നിയമം നിങ്ങളുടെ EVയുടെ ബാറ്ററി ആയുസ് സംരക്ഷിക്കാൻ പ്രായോഗികവും ഫലപ്രദവുമായ ഒരു സമീപനം നൽകുന്നുണ്ടെങ്കിലും, ചെറിയ സ്മാർട്ട് ഉപകരണങ്ങളിൽ സാധാരണയായി കാണുന്ന ബാറ്ററി ഡീഗ്രേഡേഷനുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.

    സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു EV ബാറ്ററി പാക്ക് വളരെക്കാലം മോശമാകുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കില്ല. ഇത് EV നിർമാതാക്കൾ വിവിധ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന എട്ട് വർഷം/1.60 ലക്ഷം കിലോമീറ്റർ വരെയുള്ള അല്ലെങ്കിൽ ലൈഫ് ടൈം വാറണ്ടികളിലും പ്രതിഫലിക്കുന്നു.

    ഒരു EV ഉടമ എന്ന നിലയിൽ, നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയുടെ തരവും രാസഘടനയും സ്വയം മനസ്സിലാക്കുകയും നിർമാതാവിൻ്റെ മാർഗനിർദേശങ്ങളിൽ ശുപാർശ ചെയ്യുന്ന ചാർജിങ് രീതികൾ പിന്തുടരുകയും ചെയ്യുന്നത് നല്ലതാണ്. ദൈനംദിന ഉപയോഗത്തിനായി 80-20 നിയമം നിങ്ങളുടെ EV ബാറ്ററിയുടെ പരിപാലനത്തിന് മികച്ച മാർഗമാണ്.


    No comments

    Post Top Ad

    Post Bottom Ad