Header Ads

  • Breaking News

    കനത്തമഴയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന സംഭവത്തിൽ ഇൻഷുറൻസ് ക്ലെയിം നിരാകരിച്ചത് നിയമവിരുദ്ധം ; ഉപഭോക്താവിന് 6,52 ലക്ഷം രൂപ നൽകാൻ ഇൻഷൂറൻസ് കമ്പനിക്ക് നിർദ്ദേശം




    കണ്ണൂർ :- കനത്തമഴയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഭാഗിക തകർച്ചയ്ക്ക് ഇൻഷുറൻസ് ക്ലെയിം നിരാകരിച്ചത് അന്യായവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തി കണ്ണൂർ ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ വിധി പ്രസ്‌താവിച്ചു. കമ്മിഷൻ പ്രസിഡൻ്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി സജീഷ് എന്നിവരുടെതാണ് വിധി മട്ടന്നൂർ ശിവപുരം ഇല്ലംമ്മൂല സ്വദേശികളായ കെ.മിഥുനും ഭാര്യ കെ.അമ്യതയും നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. പരാതിക്കാർ കാനറാ ബാങ്ക് മട്ടന്നൂർ ശാഖയിൽ നിന്ന് 14.50 ലക്ഷം രൂപയുടെ ഗൃഹനിർമ്മാണ വായ്‌പ എടുത്തിരുന്നു. വായ്പ‌ അനുവദിക്കുന്ന സമയത്ത് ബാങ്കിൻ്റെ നിർദേശപ്രകാരം ബജാജ് അ ലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 'ഭാരത് ഗൃഹ രക്ഷ പോളിസി' എന്ന പേരിലുള്ള ഇൻഷുറൻസ് പോളിസി എടുക്കാൻ പരാതിക്കാർ നിർബന്ധിതരായി. നിർമാണത്തിലിരുന്ന വീടിനും ചുറ്റുമതിലിനുമായി 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകിയതായും പ്രീമിയം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറച്ചതായും കമ്മിഷൻ രേഖപ്പെടുത്തി.

    2022 ജൂൺ, ജൂലൈ മാസങ്ങളിൽ പ്രദേശത്ത് കനത്ത മഴ പെയ്ത്‌തിനെ തുടർന്ന് 2022 ജൂലൈ ഒൻപതിന് നിർമാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗംകർന്നുവീണു. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ എഞ്ചിനിയർ സ്ഥലപരിശോധന നടത്തി കനത്ത മഴ മൂലം മതിൽ വെള്ളം ആഗിരണം ചെയ്തതാണ് തകർച്ചയ്ക്ക് കാരണമെന്ന റിപ്പോർട്ട് നൽകി. കെട്ടിടനിർമാണം അംഗീകൃത പ്ലാനും പെർമിറ്റും അനുസരിച്ചായിരുന്നു എന്നും നിർമ്മാണ സാമഗ്രികൾ ഗുണമേന്മയുള്ളതായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ഇൻഷുറൻസ് കമ്പനി നിയോഗിച്ച സർവേയർ നിർമാണത്തിലെ പിഴവുകളും നിലവാരക്കുറവുമാണ് തകർച്ച യ്ക്ക് കാരണമെന്നു ചൂണ്ടിക്കാട്ടി ഇൻഷുറൻസ് ക്ലെയിം നിരാകരിച്ചു. ഈ നടപടിയെ ചോദ്യം ചെയ്‌താണ് പരാതിക്കാർ ഉപഭോക്ത്യ കമ്മിഷനെ സമീപിച്ചത്. കേസിന്റെ പരിഗണനയിൽ കമ്മിഷൻ ഒരു വിദഗ്‌ധ എഞ്ചിനീയറെ എക്‌സ്പേർട്ട് കമ്മിഷണറായി നിയോഗിച്ചു.

    വിദഗ്‌ധൻ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലും ഫോട്ടോകളിലും കെട്ടിടനിർമാണത്തിൽ യാതൊരു പിഴവുകളും കണ്ടെത്താനായില്ലെന്നും പ്രകൃതി ദുരന്തം മുലമാണ് തകർച്ച സംഭവിച്ചതെന്നും വ്യക്തമായി പറഞ്ഞു. ഈ റിപ്പോർട്ടിനും പരാതിക്കാരുടെ സാക്ഷികൾക്കും എതിർ വാദികൾക്ക് ഫലപ്രദമായി എതിർപ്പുയർത്താനായില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ലഭ്യമായ എല്ലാ രേഖകളും സാക്ഷ്യങ്ങളും പരിശോധിച്ച കമ്മിഷൻ, ഇൻഷുറൻസ് കമ്പനി ക്ലെയിം നിരാകരിച്ചത് തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇത് ഗുരുതരമായ സേവന കുറവാണെന്നും കണ്ടെത്തി. ഇൻഷുറൻസ് സർവേയർ കണക്കാക്കിയ നഷ്ടത്തിൻ്റെ അടിസ്ഥാനത്തിൽ, പരാതിക്കാർക്ക് 6,52,983 രൂപ നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണെന്ന് കമ്മിഷൻ ഉത്തരവിട്ടു. ഇത് കൂടാതെ ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും കൂടി നൽകാൻ ഉത്തരവായിട്ടുണ്ട്. പരാതിക്കാർക്കുവേണ്ടി അഡ്വ. കെ.കെ ബാലറാം, അഡ്വ. എം.ആർ ഹരീഷ് എന്നിവർ ഹാജരായി.

    No comments

    Post Top Ad

    Post Bottom Ad