ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന നിർദ്ദേശത്തിൽ ഇളവില്ല ; എഴുന്നള്ളിപ്പിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി :- എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന നിർദേശത്തിൽ ഇളവു നൽകാനാവില്ലെന്നു ഹൈക്കോടതി. ആനയെ എഴുന്നള്ളിക്കരുതെന്നു പറഞ്ഞിട്ടില്ലെന്നും നിർദിഷ്ട അകലം പാലിക്കണമെന്നാണു നിഷ്കർഷിക്കുന്നതെന്നും ജസ്റ്റിസ് ഡോ. എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ ഉൾപ്പെടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണതയീശ ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നളളിക്കുന്നതിൽ മൂന്നു മീറ്റർ ദൂരപരിധിയിൽ ഇളവു തേടി കൊച്ചിൻ ദേവസ്വം നൽകിയ നൽകിയ ഹർജിയാണു പരിഗണിച്ചത്.
തൃപ്പൂണിത്തുറ ക്ഷേത്ര മതിലിനകത്ത് 22 മീറ്റർ ദൂരമാണ് ആനകളെ നിറുത്താനുള്ളതെന്നും ഇവിടെ പരമാവധി നാല് ആനകളെയേ നിർത്താനാകൂയെന്നും കോടതി പറഞ്ഞു. ആനയുടെ വണ്ണം ശരാശരി 1.9 മീറ്റർ എന്ന നിലയിൽ കണക്കാക്കിയാണു കോടതി ഇക്കാര്യം പറഞ്ഞത്. ആനയെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ഒരാചാരം ഇല്ലെങ്കിൽ മതം തന്നെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണ് അതിനെ അനിവാര്യമായ മതപരമായ ആചാരമായി കണക്കാക്കുന്നതെന്ന സുപ്രീംകോടതി വിധിയും കോടതി ചൂണ്ടിക്കാട്ടി. മൂന്നു മീറ്റർ അകലം ആക്കണമെന്നു പൊതു നിയമമൊന്നുമില്ല. എന്നാൽ സുരക്ഷയും മറ്റും സാഹചര്യങ്ങളും മുൻ നിർത്തിയാണു നിർദേശം നൽകിയതെന്നും കോടതി പറഞ്ഞു.
No comments
Post a Comment