Header Ads

  • Breaking News

    മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്‍ അടയ്ക്കാം, പരീക്ഷണം വിജയം; സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കെഎസ്ഇബി


    തിരുവനന്തപുരം: മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത് ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും.

    യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ ലൈന്‍ പണമടയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്കും വലിയ തോതില്‍ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.

    കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോട്ട് ബില്‍ പേയ്മെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.

    നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad