വനാതിർത്തിയിൽ ഒറ്റപ്പെട്ട് വൃദ്ധ ദമ്പതികൾ
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ പൊട്ടിച്ചപാറയിലെ വനാതിർത്തിയിൽ വൃദ്ധ ദമ്പതിമാർ ഒറ്റപ്പെട്ടുകഴിയുന്നുഅഞ്ചുവർഷമായി എഴുന്നേൽക്കാനാകാതെ തളർന്നുകിടക്കുന്ന 96 കാരനായ കന്നലിക്കാട്ട് ജോർജും ഭാര്യ റോസയു(84)മാണ് സഹായത്തിനായി സുമനസുകളുടെ സഹായം തേടുന്നത് .50 വർഷം മുൻപ് കുറവലങ്ങാടുനിന്നും പാലത്തുംകടവ് മേഖലയിലേക്ക് കുടിയേറിയതായിരുന്നു കുടുംബം. പിന്നീടാണ് പൊട്ടിച്ചപാറയിൽ സ്ഥിരതാമസം തുടങ്ങിയത് . പാലത്തുംകടവിൽ നിന്ന് രണ്ടരകിലോമീറ്റർ ചെങ്കുത്തായ മലയിലൂടെ ഇടുങ്ങിയ വഴിയിലൂടെ വേണം വീട്ടിലെത്താൻ
വനാതിർത്തിയോട് 10 മീറ്റർ മാത്രമാണ് അകലം.പാലത്തുംകടവ് ഇടവകയാണ് വീട് നിർമ്മിച്ച് നൽകിയത്. വനത്തോട് ചേർന്നുകിടക്കുന്ന അരയേക്കർ സ്ഥലവും കാടുപിടിച്ച് കിടക്കുകയാണ് . വന്യമൃഗങ്ങളടക്കം ഭീക്ഷണിയാകുന്ന കുടുംബത്തിന് അടിയന്തിര ഘട്ടത്തിൽ പോലും നാട്ടുകാരുടെ സഹായത്തോടെ കസേരയിൽ ചുമന്ന് വേണം പുറത്തെ ത്താൻ .മക്കൾ മറ്റ് പ്രദേശങ്ങളിലാണ് താമസം.നാട്ടുകാരുടെ സഹായത്തോടെയാണ് റേഷനും മറ്റ് സാധനങ്ങളും എത്തിക്കുന്നത് . വൃദ്ധ ദമ്പതിമാരെ യാത്ര സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റിതാമസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ . ആദ്യകാലങ്ങളിൽ 30 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ രണ്ട് കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് .
തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ ഒരു സഹായത്തിനായി പുറം ലോകവുമായി ബന്ധപ്പെടാൻ മൊബൈൽ നെറ്റവർക്ക് പോലും ഇവിടെ ലഭ്യമല്ല . തനിച്ചുകഴിയുന്ന ഇവർക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പോലും പുറം ലോകം അറിയാത്ത സാഹചര്യമാണ് . പഞ്ചായത്തിന്റെ അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബത്തെ വാഹനസൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാനുള്ള പരിശ്രമത്തിലാണ് അയ്യൻകുന്ന് പഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടവും പ്രദേശവാസികളുംഇതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും പഞ്ചായത്തംഗം ബിജോയി പറഞ്ഞു
No comments
Post a Comment