മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ പരിശോധന; ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായി 24 കിലോ കഞ്ചാവ്
മലപ്പുറം: ട്രെയിനിൽ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആകെ 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ബാഗുകൾ ആരാണ് ട്രെയിനിൽ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. നേരത്തെയും തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കടത്തുന്നവർ പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിലാവുമെന്ന് വരുമ്പോൾ ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് അന്ന് ആളില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തിയത്.
No comments
Post a Comment