ഓടുന്ന കാറിലെ സ്വിമ്മിംഗ് പൂള്‍:സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയേക്കും. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടി. സഞ്ജു ടെക്കി നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോര്‍ട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്. ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കി. യുട്യൂബ് ചാനലില്‍ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമലംഘനങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് എം വി ഡി സജു ടി എസിന് കൈമാറിയിരുന്നു.
തുടര്‍ന്ന് സജുവും ഓടുന്ന വാഹനത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നുമുതല്‍ നിര്‍ബന്ധിത സേവനം ആരംഭിച്ചു. 15 ദിവസത്തേക്കാണ് സേവനം. അതേസമയം എം വി ഡി കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 13ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
No comments
Post a Comment