Header Ads

  • Breaking News

    31നകം മസ്റ്ററിങ് പൂർത്തിയാക്കൽ അസാധ്യം; കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാൻ കേരളം

    തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കാനാവില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിന് മുന്നിലെ വെല്ലുവിളി.

    മഞ്ഞ – പിങ്ക് കാർഡ് ഉടമകൾ നിർബന്ധമായും മസ്റ്ററിങ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇതിനായി മാർച്ച് 31 വരെ സമയം നൽകിയിരുന്നു. എന്നാൽ സെർവർ തകരാർമൂലം മസ്റ്ററിങും റേഷൻവിതരണവും പലസമയങ്ങളിലും മുടങ്ങി. ഒരേസമയം റേഷൻവിതരണവും മസ്റ്ററിങും നടക്കാതിരുന്നതോടെ മസ്റ്ററിങിന് മാത്രമായി സമയം നൽകിയെങ്കിലും ഇ പോസ് തകരാറിലായതോടെ പദ്ധതി പാളി. ഒരു കോടി 54 ലക്ഷം ആളുകൾ സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കിയത് 22 ലക്ഷത്തോളം ആളുകൾ മാത്രമാണ്.

    നിലവിൽ ഏറ്റവും അധികം ആളുകൾ മസ്റ്ററിങ് നടത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. കണ്ണൂരിലും തൃശൂരിലും മസ്റ്ററിങ്ങിൽ മുന്നേറ്റമുണ്ട്. മറ്റ് ജില്ലകളിലെല്ലാം മൂന്നിലൊന്നുപോലുമായില്ല. വിവിധ കാരണങ്ങളാൽ പതിനാറായിരത്തോളം ആളുകളുടെ മസ്റ്ററിങ് തള്ളിപോവുകയും ചെയ്തു. സാങ്കേതിക തകരാറിന്റെ പശ്ചാത്തലത്തിൽ മസ്റ്ററിങ് പൂർണമായി നിർത്തിയതോടെ കേന്ദ്രം അനുവദിച്ച സമയത്തിനകം മസ്റ്ററിങ് നടത്താൻ സർക്കാരിന് കഴിയില്ല.

    മഞ്ഞ- പിങ്ക് കാർഡ് ഉടമകൾ മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അരിയടക്കമുള്ള സാധനങ്ങളുടെ ലഭ്യതയിൽ കുറവ് വരും. മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം അവസാനിക്കാറായ ഘട്ടത്തിലാണ് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad