Header Ads

  • Breaking News

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങൾ ഓണ്‍ലൈനാകുന്നു ; സംസ്ഥാന സർക്കാരിന്റെ കെ-സ്മാർട്ട് പദ്ധതി ജനുവരി 1 മുതല്‍ നിലവിൽ വരും



    തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവിൽ വരും. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും.

    കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ മുൻസിപ്പല്‍ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും. 

    ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. 

    അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ട്. കേരളത്തിന്റെ ഈ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങള്‍ കെ-സ്മാർട്ടിന്റെ മാതൃകയിലുള്ള ആപ്പ് വികസിപ്പിക്കാൻ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്. 

    കെ-സ്മാർട്ട് ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എം എൽ എ, കെ ജെ മാക്‌സി എം എൽ എ, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്‌സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഐ.എ.എസ് എന്നിവരും സംസാരിക്കും.

    തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുകയാണ് കെ-സ്മാര്‍ട്ട്. വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന -മരണ വിവാഹ രജിസ്‌ട്രേഷന്‍), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മോഡ്യൂള്‍, ബില്‍ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും.

    കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. കെ-സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും ഈ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്നതാണ്.

    ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. 

    കെട്ടിടം നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടങ്ങള്‍ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‍വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാല്‍ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടുകയും വേഗത്തില്‍ നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാവുകയും ചെയ്യും. ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും പെര്‍മിറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാര്‍ട്ടിലൂടെ സാധിക്കും.

    തീരപരിപാലന നിയമ പരിധി, റെയില്‍വേ എയര്‍പോര്‍ട്ട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഉള്‍പെട്ടതാണോ എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാന്‍ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തില്‍ നിര്‍മിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

    ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ്‍വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റെഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആകുന്നത്. 

    കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചുകൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതാണ്. ശക്തമായ ബാക്ക്എന്‍ഡ് തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുന്നു.

    സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. ഉദ്ദാ: നിവവില്‍ ഒരു ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ ഓവര്‍സിയര്‍, എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, സെക്രട്ടറി എന്നിവര്‍ കണ്ടാണ് നല്‍കുന്നത്. 

    ഇത് കെ-സ്മാര്‍ട്ടില്‍ മൂന്ന് തട്ടുകളില്‍ സേവനം ലഭ്യമാക്കും. ഇതോടെ സുതാര്യത, അഴിമതി രഹിതം, സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കം. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതിൽ കെ-സ്മാർട്ടിലൂടെ കുറയ്ക്കാനാവും. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥർ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാനും ജോലിഭാരം കുറയുന്നതിനാല്‍ ജീവനക്കാര്‍ക്ക് മറ്റ് ഭരണ നിര്‍വ്വഹണ കാര്യങ്ങളില്‍ അവരുടെ കാര്യശേഷി ഉപയോഗപ്പെടുത്താനും കഴിയും.

    സര്‍ക്കാര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് സ്വകര്യ കമ്പനികള്‍ ഏറ്റെടുക്കുകയും പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനം Inhouse ഡെവലപ്പ്മെന്റ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ഐ.കെ.എമ്മിന്റെ ഈ Inhouse ഡെവലപ്പ്മെന്റ് കണ്ട് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റിനുവേണ്ടി ഐ.കെ.എമ്മിനെ പാര്‍ട്ട്ണറായി കൂടി അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്‌ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ എംപാനൽ‌ ചെയ്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad