Header Ads

 • Breaking News

  കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് എല്‍എല്‍ബി പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി.  കൊച്ചി: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലപാതക കുറ്റവാളികള്‍ക്ക് 2023-24 അധ്യയന വര്‍ഷം മുതല്‍ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി എല്‍എല്‍ബി ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
  അപേക്ഷകര്‍ ജയിലില്‍ കഴിയുന്നതിനാല്‍, അവര്‍ക്ക് നേരിട്ട് കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിയില്ല, അതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള അവരുടെ സാന്നിധ്യം സാധാരണ ഓഫ്‌ലൈന്‍ കോഴ്‌സില്‍ പങ്കെടുക്കുന്നതിന് തുല്യമായി കണക്കാക്കാമെന്ന് കോടതി പറഞ്ഞു. പ്രായോഗിക പരിശീലനത്തിനോ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനോ കോളജില്‍ നേരിട്ട് ഹാജരാകാന്‍ അപേക്ഷകരെ അനുവദിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രണ്ട് ജയിലുകളിലെയും ജയില്‍ സൂപ്രണ്ടുമാര്‍ക്കും രണ്ട് കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കും ഇരുവര്‍ക്കും ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
  ജയില്‍വാസത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രതിരോധം കൂടാതെ നവീകരണവും പുനരധിവാസവും ഉള്‍പ്പെടുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. തടവുകാര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ജയില്‍വാസത്തിന്റെ നവീകരണ, പുനരധിവാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
  ഒരു കുറ്റവാളിക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ജയിലില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമുണ്ട്. അന്തസ്സിനുള്ള അവകാശത്തില്‍ അധിഷ്ഠിതമായ മനുഷ്യാവകാശമാണ് തടവുകാരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം. ജയിലില്‍ നിന്ന് മോചിതനായ ഒരു വ്യക്തിയെപ്പോലെ തന്നെ ഒരു തടവുകാരനും പഠനം തുടരാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. തങ്ങള്‍ വിശാലമായ സമൂഹത്തിന്റെ ഭാഗമായി തുടരുന്നു എന്ന ബോധം വളര്‍ത്താന്‍ വിദ്യാഭ്യാസത്തിന് കഴിയും. അവര്‍ സ്വതന്ത്രരായിക്കഴിഞ്ഞാല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാനും ഇത് അവരെ സഹായിക്കുന്നുവെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
  ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവപര്യന്തം തടവുകാരായ രണ്ടുപേരും 2023-24 അധ്യയന വര്‍ഷത്തേക്ക് കേരള ലോ എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ പാസായി. ഇവരില്‍ ഒരാള്‍ മലപ്പുറത്തെ കെഎംസിടി ലോ കോളേജില്‍ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിന് പ്രവേശനം നേടിയപ്പോള്‍ മറ്റൊരാള്‍ പൂത്തോട്ടയിലെ ശ്രീനാരായണ ലോ കോളേജില്‍ പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിന് പ്രവേശനം നേടി.
  തുടര്‍ന്നാണ് ഉപരിപഠനത്തിനായി തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കണമെന്നു ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെയും എംജി സര്‍വകലാശാലയുടെയും കീഴിലുള്ള കോളജുകളുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഓണ്‍ലൈന്‍ മോഡ് വഴി ക്ലാസുകള്‍ക്ക് ഹാജരാകാനുള്ള ഹര്‍ജിക്കാരുടെ അപേക്ഷയെ എതിര്‍ത്തു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി റഗുലര്‍ കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഭിഭാഷകനായി ചേരാന്‍ അര്‍ഹതയുള്ളൂവെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലും വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി അനുമതി നല്‍കിയാല്‍ അപേക്ഷകരെ ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് അതത് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. യുജിസി റെഗുലേഷനുകള്‍ സംബന്ധിച്ച്, ഓണ്‍ലൈന്‍ മോഡില്‍ എല്‍എല്‍ബി കോഴ്‌സുകള്‍ നല്‍കുന്നത് തടയാന്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊതുവായ ഒന്നാണ് ചട്ടങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ നിരോധനം എന്ന് കോടതി പറഞ്ഞു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ മോഡ് വഴി കോഴ്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ ഇത് പ്രകാരം വിലക്കുന്നതായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
  ഒരു വ്യക്തിയുടെ പുരോഗതിക്കുള്ള ഏറ്റവും ശക്തമായ സംവിധാനമാണ് വിദ്യാഭ്യാസമെന്ന് വിവിധ അന്താരാഷ്ട്ര ഉടമ്പടികളും ഉദാഹരണങ്ങളും പരാമര്‍ശിച്ച ശേഷം ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വ. നന്ദഗോപാല്‍ എസ് കുറുപ്പ് ആണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.

  No comments

  Post Top Ad

  Post Bottom Ad