Header Ads

  • Breaking News

    ഫോൺ വലിച്ചെറിയേണ്ട, മുട്ടൻ പണി കിട്ടും





    നാലുവർഷംമുമ്പ്‌ എറണാകുളം സ്വദേശികളായ ദമ്പതികൾ തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി. അവർ പിന്നീട്‌ ആ വീഡിയോ ഡിലീറ്റ്‌ ചെയ്‌തു. ഒടുവിൽ കേടായ ഫോൺ മൊബൈൽ സർവീസ്‌ സെന്ററിലെത്തി. ഫോൺ ഒരിക്കലും നന്നാകില്ലെന്ന്‌ കടക്കാരൻ വിധിയെഴുതി. ഇരുവരും പുതിയ ഫോൺ വാങ്ങി. പഴയ ഫോൺ കടയിൽതന്നെ ഉപേക്ഷിച്ചു. നാലുവർഷത്തിനുശേഷം തങ്ങളുടെ ആ സ്വകാര്യ വീഡിയോ ടെലിഗ്രാം ഗ്രൂപ്പിൽ കണ്ട്‌ ഇരുവരും ഞെട്ടി. ഇതിന്‌ ഉത്തരവാദികളെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്‌ ഇരുവരും. സെൻട്രൽ പൊലീസ്‌ പരാതിയിൽ എഫ്‌ഐആർ ഇട്ട്‌ അന്വേഷണം തുടങ്ങി.

    കാത്തിരിക്കുകയാണ്‌ 
ഇ–മാലിന്യ മാഫിയ

    ഉപയോഗശൂന്യമായ മൊബൈൽഫോണും ടാബും ഐപാഡുമൊക്കെ വലിച്ചെറിയുന്നവരാണോ നിങ്ങൾ? അങ്ങനെ ചെയ്യുംമുമ്പ്‌ ഒരുനിമിഷം ചിന്തിക്കൂ. ഡിലീറ്റ്‌ ചെയ്‌ത വീഡിയോയോ ഫോട്ടോയോ മൊബൈൽ അടക്കമുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിൽനിന്ന്‌ വീണ്ടെടുക്കാൻ നിരവധി സോഫ്‌റ്റ്‌വെയറുകളുമായി കാത്തിരിക്കുകയാണ്‌ തട്ടിപ്പ്‌ സംഘങ്ങൾ. ഇ–മാലിന്യം കൂട്ടത്തോടെ വാങ്ങി ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലെ വീഡിയോയും ഫോട്ടോകളും റിക്കവറി സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ വീണ്ടെടുക്കുകയാണ്‌ ഇവർ ചെയ്യുന്നത്‌. ഫയലുകൾ ഡിലീറ്റ്‌ ചെയ്‌താലും ഫോൺ ഓണാകാത്ത അവസ്ഥയിലാണെങ്കിലും റിക്കവറി സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ എല്ലാം വീണ്ടെടുക്കാം. ഇത്തരത്തിലുള്ള സ്വകാര്യദൃശ്യങ്ങളോ ഫോട്ടോകളോ പോൺ സൈറ്റുകളിലോ ടെലിഗ്രാമിലോ വിറ്റ്‌ പണം സമ്പാദിക്കുകയാണ്‌ തട്ടിപ്പുസംഘം ചെയ്യുന്നത്‌. ഫോൺ എക്‌സ്‌ചേഞ്ച്‌ ചെയ്‌താലും ഇത്തരം ഭീഷണി നിലനിൽക്കുന്നു. മൊബൈൽ കടക്കാർ ഉപേക്ഷിക്കുന്ന ഫോണുകളും ടാബുകളുമെല്ലാം ഒടുവിൽ ചെന്നെത്തുന്നത്‌ ഇത്തരം ഇ–മാലിന്യ മാഫിയകളുടെ കൈയിലാണെന്ന്‌ സൈബർ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad