Header Ads

  • Breaking News

    ദേശീയപാതയോരങ്ങളിൽ ഓട്ടോറിക്ഷകൾക്ക് ഇടമില്ല

    പാപ്പിനിശ്ശേരി : ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനിടെ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് സൗകര്യം ഇല്ലാതാകുന്നു. ദേശീയപാതയോരത്തെ പ്രധാന കവലകളിലുളള ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഒരിടവുമില്ലാതെ അലയേണ്ടി വരുന്നത്. നിർമാണം പൂർത്തിയായാലും സർവീസ് റോഡിൽ ഒരിടത്തും ഓട്ടോറിക്ഷ പാർക്കിങ് സൗകര്യം കിട്ടില്ല.

    പാപ്പിനിശ്ശേരി വേളാപുരം, കീച്ചേരി, കല്യാശ്ശേരി, മാങ്ങാട്, ബക്കളം എന്നിവിടങ്ങളിലെ ഓട്ടോറിക്ഷത്തൊഴിലാളികളാണു ഏറെ ദുരിതത്തിലായത്.കീച്ചേരിയിൽ അടിപ്പാത നിർമിക്കുന്ന സ്ഥലത്തു നിന്നു 5 തവണ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റേണ്ടിവന്നു. നിലവിൽ നിർമാണം നടക്കുന്ന സർവീസ് റോഡിലെ ചെളിക്കെട്ടിനിടയിലാണു ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത്.

    ഇടയ്ക്കിടെ വ്യത്യസ്ത ഇടങ്ങളിലായി സ്റ്റാൻഡ് മാറ്റുന്നതോടെ ഓട്ടം കുറയുന്നതായും പരാതിയുണ്ട്.വേളാപുരത്ത് നിർമാണ സ്ഥലത്തെ ചെളിക്കെട്ടിനിടയിൽ ഓട്ടോറിക്ഷ നി‍ർത്തിയിടാനും വയ്യാത്ത നിലയിലായി. നിർമാണ പ്രദേശത്ത് ലഭ്യമാകുന്ന ഇടുങ്ങിയ സ്ഥലങ്ങളിൽ മുഴുവൻ ഓട്ടോറിക്ഷകളും നിർത്തിയിടാൻ പോലും കഴിയാത്ത നിലയാണ്.

    mകല്യാശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും പാർക്കിങ് സ്ഥലം പരിമിതമാണ്. ധർമശാലയിൽ പറശ്ശിനിക്കടവ് റോഡിൽ മാത്രം പാർക്ക് ചെയ്യേണ്ടി വരുന്നതിനാൽ മറുഭാഗത്തെ യാത്രക്കാർക്ക് ഏറെ പ്രയാസകരമാണ്.

    ഓട്ടോറിക്ഷ സ്റ്റാൻഡിനു സൗകര്യമൊരുക്കാൻ തദ്ദേശ സ്ഥാപന അധികൃതർ ഇടപെടണം. അല്ലെങ്കിൽ നൂറുകണക്കിനു ഓട്ടോറിക്ഷ തൊഴിലാളികൾ പട്ടിണിയിലാകുന്ന നിലയാകും. ഇടയ്ക്കിടെ സ്റ്റാൻഡ് മാറ്റുന്നതിനാൽ യാത്രക്കാർ കുറഞ്ഞു. ബസ് ഷെൽട്ടറുകൾക്കു സമീപം പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം അനുവദിക്കണം.

    വേണു പാക്കൻ, ഓട്ടോറിക്ഷ ഡ്രൈവർ കീച്ചേരി.

    ദേശീയപാത നിർമിച്ചുകഴിഞ്ഞാൽ ഓട്ടോറിക്ഷ സ്റ്റാൻഡിനു സ്ഥലം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. വീതി കുറഞ്ഞ സർവീസ് റോഡിൽ ബസടക്കം മറ്റു വാഹനങ്ങൾക്ക് പോലും കുരുക്കില്ലാതെ പോകാൻ കഴിയില്ല. ഇതിനിടയിൽ ഓട്ടോറിക്ഷകൾ എവിടെ പാർക്ക് ചെയ്യും എന്ന പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടണം.

    പി.പി.മുസമിൽ പാപ്പിനിശ്ശേരി.

    No comments

    Post Top Ad

    Post Bottom Ad