Header Ads

  • Breaking News

    മോഷണം പോയ സ്‌കൂട്ടറേയും മോഷ്ടാവിനേയും ഉടമസ്ഥന് കണ്ടെത്തി കൊടുത്ത് എഐ ക്യാമറ



    തിരുവനന്തപുരം: ഒന്നര വര്‍ഷം മുന്‍പ് കളവ് പോയ സ്‌കൂട്ടറേയും മോഷ്ടാവിനേയും എഐ ക്യാമറ കയ്യോടെ പിടികൂടി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയായ ഷിജുവിന്റെ സ്‌കൂട്ടറാണ് ഒന്നര വര്‍ഷം മുന്‍പ് ചാല മാര്‍ക്കറ്റില്‍ നിന്ന് കാണാതായത്. മോഷണം പോയെന്ന് മനസിലാക്കിയ ഷിജു പോലീസിന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അന്വേഷണം എവിടെയുമെത്തിയില്ല. അങ്ങനെ സ്‌കൂട്ടര്‍ പൂര്‍ണമായി നഷ്ടമായെന്ന് മനസിലായി.

    എന്നാല്‍,ഒന്നര വര്‍ഷത്തിനിപ്പുറം തന്റെ കാണാതായ സ്‌കൂട്ടര്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഷിജു. കഴിഞ്ഞ ജൂണ്‍ പകുതി കഴിഞ്ഞപ്പോള്‍ ഷിജുവിന്റെ
    ഫോണില്‍ ഒരു മെസേജ് വന്നു. ഷിജുവിന്റെ കാണാതെ പോയ സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ ഷിജു യാത്ര ചെയ്തതിന് എ.ഐ ക്യാമറ പിഴയിട്ടെന്ന മെസേജായിരുന്നു അത്. എന്നാല്‍ ക്യാമറയ്ക്ക് തെറ്റിയതാവുമെന്ന് കരുതി ഷിജു ഗൗനിച്ചില്ല.  എന്നാല്‍ ഇത് ആവര്‍ത്തിച്ചപ്പോഴാണ് അത് തന്റെ കാണാതെ പോയ സ്‌കൂട്ടര്‍ ആണെന്ന് ഷിജുവിന് മനസിലായത്.

    തിരുവനന്തപുരത്തെ ആര്യനാടുള്ള എ.ഐ ക്യാമറയിലാണ് സ്‌കൂട്ടര്‍ കണ്ടത്. ഇതോടെ തന്റെ കാണാതെ പോയ സ്‌കൂട്ടര്‍ ആര്യനാട് ആരോ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഷിജു, മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി നല്‍കി. തിരുവനന്തപുരം ആര്‍.ടി.ഒ അജിത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വിജേഷിന്റെ നേതൃത്വത്തിലെ സംഘം അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തെ അന്വേഷണത്തില്‍ ഷിജുവിന്റെ കാണാതായ സ്‌കൂട്ടറും അത് അടിച്ചുമാറ്റിയ ആളെയും കയ്യോടെ പിടികൂടുകയായിരുന്നു.

     

    No comments

    Post Top Ad

    Post Bottom Ad