കണ്ണൂരിൽ നിന്ന് ആദ്യ ചരക്കുവിമാനം നാളെ ഷാർജയിലേക്ക്
കണ്ണൂർ: വിമാനത്താവളത്തിൽനിന്നുള്ള ആദ്യ ചരക്കുവിമാനം വ്യാഴാഴ്ച വൈകീട്ട് നാലിന് ഷാർജയിലേക്ക് പുറപ്പെടും. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്കും ചരക്കുവിമാനം പുറപ്പെടും.
കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കാർഗോ സർവിസ് ആരംഭിക്കുന്നത്. വിമാനത്തിന്റെ ഫ്ലാഗ്ഓഫ് വ്യാഴാഴ്ച ഉച്ചക്കുശേഷം 3.30ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവർ നിർവഹിക്കും.
എം.പി.മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ, മുൻ മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ച് 23 മുതൽ 27വരെ തുടർച്ചയായി കണ്ണൂരിൽനിന്ന് ചരക്കുവിമാനം പുറപ്പെടും. പഴം, പച്ചക്കറി, പൂക്കൾ, വാഴയില തുടങ്ങിയവയാണ് പ്രധാനമായും കയറ്റി അയക്കുകയെന്ന് ദ്രാവിഡൻ ഏവിയേഷൻ സർവിസ് കമ്പനി മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്ത് അറിയിച്ചു.

No comments
Post a Comment