Header Ads

  • Breaking News

    എട്ട് വയസുകാരന്‍ ഹാക്കിങ് തുടങ്ങി; ഡാര്‍ക്ക് വെബ്ബില്‍ ഓര്‍ഡര്‍ ചെയ്തത് AK-47






    ഇന്റര്‍നെറ്റില്‍ കുട്ടികളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളുണ്ട്. അവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇവിടെയിതാ തന്റെ എട്ടുവയസുകാരനായ മകന്‍ സൈബര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലണ്ട് സ്വദേശിനിയായ ബാര്‍ബറ ഗീമെന്‍. 
     
    താനറിയാതെ ഡാര്‍ക്ക് വെബ്ബില്‍ നിന്ന് എകെ-47 തോക്ക് ഉള്‍പ്പടെ അപകടകരമായ വസ്തുക്കള്‍ മകന്‍ രഹസ്യമായി വാങ്ങുന്നുവെന്ന് ബാര്‍ബറ പറയുന്നു. യൂറോന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ബെറ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 
     
    മകന്‍ കംപ്യൂട്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതാണ് എല്ലാത്തിനും തുടക്കം. ചെറു പ്രായത്തില്‍ തന്നെ അവന്‍ ഹാക്കിങ് പഠിച്ചു. പണം നല്‍കാതെ വസ്തുക്കള്‍ വാങ്ങാന്‍ പഠിച്ചു. തുടക്കത്തില്‍ പിസ പോലുള്ളവയായിരുന്നുവെങ്കില്‍ ക്രമേണ കാര്യം വഷളായി. മോശം സ്വഭാവമുള്ള മറ്റുള്ളവരുമായി അവന്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ സംവദിക്കാന്‍ തുടങ്ങി. അമ്മ വരുന്ന വിവരം രഹസ്യ ഭാഷയില്‍ അവരെ അറിയിക്കും. ഒടുവില്‍ തോക്ക് ഓര്‍ഡര്‍ ചെയ്യുന്നതില്‍ വരെ കാര്യങ്ങളെത്തി. 
     
    ഇക്കാര്യങ്ങളറിഞ്ഞ് ഞെട്ടിയ ബാര്‍ബറ വളരെ വേഗം വിഷയത്തില്‍ ഇടപെടുകയും തോക്ക് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. കുട്ടിക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ മകന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം ബാര്‍ബറ ശ്രദ്ധിച്ചു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ തുടങ്ങിയ മകന്‍ രാത്രിയിലും കംപ്യൂട്ടറില്‍ ചെലവഴിക്കുകയും അന്താരാഷ്ട്ര ഹാക്കിങ് സംഘങ്ങളുമായി ഇടപഴകുകയും ചെയ്തു. 
     
    തന്റെ ആശങ്കകള്‍ അധികൃതരെ അറിയിച്ചുവെങ്കിലും അവര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ബാര്‍ബറ പറയുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം പരിശീലനം നടത്താന്‍ ബാര്‍ബറ തീരുമാനിക്കുകയായിരുന്നു. 
     
    ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും എളുപ്പം ലഭ്യമാകുന്നത് കുട്ടികളെ ഹാക്കിങ് പോലുള്ളവയിലേക്ക് എളുപ്പം എത്തിക്കുമെന്ന് ബാര്‍ബറ പറയുന്നു. കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയണം. എന്താണ് നിയവിരുദ്ധം നിയമപരം എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. 

    No comments

    Post Top Ad

    Post Bottom Ad