എ ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഗതാഗത മന്ത്രി
Type Here to Get Search Results !

എ ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഗതാഗത മന്ത്രി




തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച ടെക്‌നിക്കൽ കമ്മിറ്റി ഇന്ന് യോഗം ചേർന്നു. യോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഐടി ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി, നിയമവകുപ്പ് പ്രതിനിധി, മറ്റു സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കേന്ദ്ര വാഹന നിയമം അനുസരിച്ച് എ ഐ ക്യാമറകൾ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും, സുഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി സർക്കാർ രൂപീകരിച്ച അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം മുപ്പതിനകം അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോഗം ആവശ്യപ്പെട്ടു. ഈ സമിതിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂൺ 5 മുതൽ പദ്ധതി നടപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. സർക്കാർ തീരുമാന പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ കമ്മിറ്റിയാണ് ഇവ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതോടൊപ്പം ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായി അറിവ് നൽകുന്നതിന് വേണ്ടി മുന്നറിയിപ്പു നൽകുകയും പ്രചരണങ്ങൾ നടത്തുകയും ചെയ്യും. എ ഐ ക്യാമറയുടെ ഉപയോഗം കൊണ്ട് അപകടം കുറയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി മതിയായ പ്രചരണം നൽകും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad