Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി


     




    കണ്ണൂര്‍ ജില്ലയില്‍ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് ജില്ലയില്‍ വിലകൂട്ടി. ഇ.സി ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ചതുരശ്രയടിക്ക് 10 രൂപ കൂട്ടിയത്.

    ഖനനമേഖലയിലെ ഗസറ്റ് വിജ്ഞാപനത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കരിങ്കല്‍മേഖല ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്‌.

    സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ 17 മുതല്‍ അനിശ്ചിതകാലസമരം നടത്താനാണ് ക്വാറി-ക്രഷര്‍ ഉടമസ്ഥ സംഘടനകളുടെ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. സമരം നീളുന്ന പക്ഷം 50 മുതല്‍ 100 ശതമാനം വരെ വില കൂടാനും സാധ്യതയുണ്ട്.


    സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ റോയല്‍റ്റി, പിഴ, ഡി.എല്‍. ആന്‍ഡ് ക്യു.എല്‍. എന്നിവയില്‍ വ്യക്തമായ വിശദീകരണമില്ലെന്ന് ഇ.സി. ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇതുകാരണം വില്പനവില നിശ്ചയിക്കാന്‍ സാധിക്കുന്നില്ല.

    ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കനത്ത പിഴയാണ് കേരളത്തിലെന്നും ഇവര്‍ ആരോപിക്കുന്നു. ക്വാറി-ക്രഷര്‍ ഉടമകളുമായി ധാരണയോ ചര്‍ച്ചയോ നടത്താതെയാണ് വ്യവസായവകുപ്പും ജിയോളജിവകുപ്പും ചേര്‍ന്ന് വിജ്ഞാപനമിറക്കിയത്

    വിജ്ഞാപനത്തിലെ മുഴുവന്‍ പാളിച്ചകളും തിരുത്തുംവരെ കരിങ്കല്‍മേഖല നിശ്ചലമാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് യു. സെയ്ത്, ജില്ലാ പ്രസിഡന്റ് രാജീവന്‍ പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ബെന്നി എന്നിവര്‍ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad