ക്യൂ നൂറു മീറ്റർ കടന്നാൽ വാഹനങ്ങൾ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന് ഹൈക്കോടതി
ടോൾ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി.
തൃശ്ശൂരിലെ പാലിയേക്കര ടോൾപ്ളാസയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്ണൻ നൽകിയ അപ്പീലിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
ടോൾപ്ളാസയിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ എന്തു ചെയ്യാനാവുമെന്നതിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി മാറ്റി. തിരക്കുള്ള സമയങ്ങളിൽ ടോൾപ്ളാസയിൽ വാഹനങ്ങൾ ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നെന്നാണ് ഹർജിക്കാരന്റെ പരാതി.
സാങ്കേതികവിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലൊക്കെ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ 2021 മേയ് 24-ലെ മാർഗനിർദേശം പരിഗണിക്കാൻ നിർദേശിച്ചത്.
No comments
Post a Comment