Header Ads

 • Breaking News

  തീയില്‍ നിന്നും തിരിച്ചുവരവ് ; ശരീരത്തെ തീനാളങ്ങള്‍ ഗ്രസിച്ചിട്ടും വിധിക്ക് മുന്നില്‍ തോല്‍ക്കാതെ സൂസന്‍ പുതുജീവിതത്തിലേക്ക് ; കൈപിടിച്ച് ഇരിട്ടി- ഉളിക്കൽ സ്വദേശി സന്ദിപ്

  കുമളി: ശരീരത്തെ തീനാളങ്ങള്‍ ഗ്രസിച്ചിട്ടും വിധിക്ക് മുന്നില്‍ തോല്‍ക്കാതെ ജീവിതസ്വപ്‌നങ്ങള്‍ നെയ്‌തെടുത്തു വിവാഹത്തിനൊരുങ്ങുകയാണു കുമളി അട്ടപ്പള്ളം വെള്ളാപ്പള്ളില്‍ തോമസിന്റെ മകള്‍ സുസന്‍ തോമസ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ധ്യാന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സൂസന്‍ പിന്നീട് ജീവിതത്തിലേക്കു തിരികെ എത്തുകയായിരുന്നു.

  വിവാഹത്തിനു മുന്നോടിയായുളള മനസമ്മതം ഫെബ്രുവരി 13 ന് കുമളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ ഒറിത്തായില്‍ വീട്ടില്‍ സെബാസ്റ്റിയന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മൂന്നു മക്കളില്‍ ഇളയവനായ സന്ദിപ് സെബാസ്റ്റിയനാണു വരന്‍. ഏപ്രില്‍ 20നു ഇരിട്ടി ഉളിക്കല്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലാണ് ഇരുവരും തമ്മിലുളള വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

  ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ സന്ദീപ് ഇപ്പോള്‍ ഒരു കൊറിയര്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്. സുസനെ പങ്കാളിയായി ലഭിച്ചതില്‍ സന്ദീപ് സന്തുഷ്ടനാണ്. ആര്‍ക്കും സംഭവിക്കാവുന്നതാണ് ഇതെല്ലാമെന്നാണ് സന്ദീപിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പരിചയപ്പെടല്‍. 2006 മേയ് 18 ന് മുരുക്കടിയിലെ ധ്യാനകേന്ദ്രത്തില്‍വച്ചാണ് സൂസനു പൊള്ളലേറ്റത്. ചായ കുടിക്കാനായി ധ്യാനകേന്ദ്രത്തിലെ അടുക്കളയില്‍ എത്തിയതായിരുന്നു സൂസന്‍. കണ്ണടച്ചു തുറക്കും മുമ്പ് അടുപ്പത്തിരുന്ന എണ്ണച്ചട്ടിയില്‍ ചട്ടിയില്‍ തീ പടര്‍ന്നു. അടുക്കളയില്‍ തീ ആളിക്കത്തി. അത്ര മാത്രമേ സൂസന് അറിയു. ഗ്യാസ് സ്റ്റൗവില്‍ നിന്നാകാം തീ പിടിത്തമുണ്ടായതെന്ന് സുസന്‍ പറയുന്നു.

  ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ സുസനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പുഷ്പഗിരി ആശുപത്രിയിലേക്കു മാറ്റി. 40 ദിവസത്തോളം ഐ.സി.യുവില്‍. ഇതിനിടെ വിധി വീണ്ടും ക്രുരത കാട്ടി. ചികിത്സിച്ചിരുന്ന ഡോക്ടര്‍ 10 ദിവസത്തെ അവധിയില്‍ പോയതോടെ ചികിത്സ തെറ്റി. കൈ വിരലുകളില്‍ പഴുപ്പ് കേറി. ജീവഹാനിക്കു സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ സുസന്റെ ബന്ധുക്കളെ അറിയിച്ചു.

  ധ്യാനകേന്ദ്രവും ബന്ധുക്കളും നാട്ടുകാരുമൊക്കെ സുസനു വേണ്ടി പ്രാര്‍ഥിച്ചു. തുടര്‍ന്നു 10 ദിവസം കൂടി പുഷ്പഗിരി ആശുപത്രിയില്‍ കിടന്ന ശേഷം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. അവിടെ 56 ദിവസത്തെ ചികിത്സ. ഒടുവില്‍ മുറിവുകള്‍ ഉണങ്ങി. സൂസന്‍ ഇപ്പോള്‍ പൊള്ളല്‍ ഏല്‍ക്കുന്നതിന് രണ്ടു നാള്‍ മുമ്പെടുത്ത ഫോട്ടോ വല്ലപ്പോഴും എടുത്ത് കാണും. അന്നത്തെ മുഖം ഓര്‍മയില്‍ പോലുമില്ല.

  കൈയിലെ നാല് വിരലുകള്‍ പൂര്‍ണമായും മറ്റുള്ളവ ഭാഗികമായും നഷ്ടപ്പെട്ടു. ജീവിതത്തിലേക്കു തിരിച്ച് വന്ന് തൊഴിലെടുത്ത് ജിവിക്കണമെന്നായിരുന്നു അപ്പോഴും ആഗ്രഹം. ഇതിനിടെ പാട്ടിലുടെയും മോഡലിങിലുടെയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആറ് സഹോദരങ്ങളില്‍ഇളയവളാണ് സുസന്‍. സുസന്‍ തോമസിന്റെയും സന്ദീപ് സെബാസ്റ്റിയന്റെയും വിവാഹത്തിന് നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.


  No comments

  Post Top Ad

  Post Bottom Ad