പഴയങ്ങാടി: മാടായി പഞ്ചായത്ത് പരിധിയിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീടൊരുക്കി ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റാൻ പദ്ധതികൾ ആവിഷ്കരിച്ച് 2023-24 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.വി. ധനലക്ഷ്മി അവതരിപ്പിച്ചു . ഇതിനായി 3.2 കോടി രൂപയാണ് വകയിരുത്തിയത്.
39.37 കോടി രൂപ വരവും 38.72 കോടി രൂപ ചിലവും 65 ലക്ഷം രൂപ നീക്കിയിരുപ്പുമുള്ളതാണ് വാർഷിക ബജറ്റ്. ശിശു സൗഹൃദ പഞ്ചായത്ത് ലക്ഷ്യമിട്ട് കെട്ടിടങ്ങൾ ഒരുക്കാൻ ബജറ്റിൽ പദ്ധതിയുണ്ട്. സ്മാർട്ട് അംഗൻവാടികൾ മുന്നെണ്ണം നിർമിക്കും. ഏഴ് പോർട്ടബിൾ വിപണന കേന്ദ്രങ്ങൾ ഒരുക്കി കുടുംബശ്രീ ഉൽപന്നങ്ങൾ വിറ്റഴിക്കും. വിദ്യാലയങ്ങൾക്ക് ഗ്രീൻ ബോർഡ് നൽകും.
സാന്ത്വന പരിചരണത്തിനായി സ്വന്തം വാഹനങ്ങൾ, ഉപകരണങ്ങൾ, മരുന്നുകൾ , വളന്റിയർ സേവനം എന്നിവ ഒരുക്കും. ടൂറിസം വികസനത്തിന് വിപുലമായ പദ്ധതി, മാടായിപ്പാറയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം, പുതിയങ്ങാടി ബസ് സ്റ്റാന്റിൽ ഷോപ്പിങ് കോംപ്ലക്സ് നിർമാണം, ഗ്രീൻ മാടായി, ക്ലീൻ മാടായി പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.പി. കുഞ്ഞിക്കാദിരി, റഷീദ ഒടിയിൽ, എസ്.കെ.പി. വാഹിദ, പഞ്ചായത്തംഗം മോഹനൻ കക്കോപ്രവൻ എന്നിവർ സംസാരിച്ചു.