Header Ads

  • Breaking News

    കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണം; അടച്ച തുക തിരിച്ച് പിടിക്കുന്നത്‌ വൈകിപ്പിക്കുന്നതിൽ ദുരൂഹത



    കണ്ണൂർ :മാലിന്യനീക്കത്തിനുള്ള കരാറിൽനിന്ന്‌ ഒഴിവാക്കിയിട്ടും അടച്ച തുക സോണ്ട കമ്പനിയിൽനിന്ന്‌ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ കണ്ണൂർ കോർപറേഷൻ വൈകിപ്പിക്കുന്നതിൽ ദുരൂഹത. കരാർ റദ്ദാക്കി 13 മാസം കഴിഞ്ഞിട്ടും കമ്പനിക്കെതിരെ കേസുപോലും ഫയൽ ചെയ്‌തിട്ടില്ല. 68 ലക്ഷം രൂപയാണ്‌ കമ്പനിക്ക്‌ മുൻകൂറായി നൽകിയത്‌.

    മാലിന്യസംസ്‌കരണത്തിന്‌ ചേലോറയിൽ ബയോമൈനിങ് പ്രവൃത്തി ഒരു പ്രത്യേക കമ്പനിയെ ഏൽപ്പിക്കാൻ എൽ.ഡി.എഫ്‌ സർക്കാർ സമ്മർദം ചെലുത്തിയെന്ന നുണയാണ്‌ കഴിഞ്ഞദിവസം കണ്ണൂർ മേയർ ടി.ഒ. മോഹനൻ മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്‌. ടെൻഡറിൽ പങ്കെടുത്ത്‌ കരാർ നേടിയ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെന്നത്‌ മറച്ചുവച്ചായിരുന്നു മേയറുടെ നുണക്കഥ.

    സിംഗിൾ ടെൻഡറിൽ പങ്കെടുത്ത്‌ സോണ്ട ഇൻഫ്രാടെക്‌ 6.86 കോടിക്കാണ്‌ കരാർ നേടിയിരുന്നത്‌. ഇതുപ്രകാരമാണ്‌ പത്തുശതമാനം തുകയായ 68 ലക്ഷം രൂപ മുൻകൂർ കൈമാറിയത്‌. മാലിന്യത്തിന്റെ അളവ്‌ കൂടുതലാണെന്നും ഇത്രയും തുക മതിയാകില്ലെന്നും കരാർ തുക മൂന്നിരട്ടിയാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടതോടെയാണ്‌ കരാർ റദ്ദാക്കുന്നതിന്‌ എൽഡിഎഫും യു.ഡി.എഫും നിലപാടെടുത്തത്‌. 2021 നവംബറിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്‌ കരാർ റദ്ദാക്കാനും കോർപറേഷൻ നേരിട്ട്‌ ടെൻഡർ വിളിക്കാനും തീരുമാനിച്ചത്‌.

    2022 ഫെബ്രുവരിയിലാണ്‌ കരാർ റദ്ദാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചത്‌. സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരടങ്ങിയ കോർ കമ്മിറ്റിയുടെ അനുമതിയോടെയേ നടപടിക്രമങ്ങൾ തീരുമാനിക്കാവൂവെന്ന്‌ നിർദേശം നൽകി. കോർ കമ്മിറ്റി ചേരുന്നത്‌ അനാവശ്യമായി നീട്ടിയാണ്‌ നടപടിക്രമങ്ങൾ വൈകിപ്പിച്ചത്‌. ഒരുവർഷത്തിലേറെയായിട്ടും കമ്പനിക്കെതിരെ കേസ്‌ ഫയൽ ചെയ്യുന്നതിന്‌ തീരുമാനമായിട്ടുമില്ല. എന്നിട്ടും സർക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പടാനാണ്‌ മേയറുടെ നീക്കം.

    No comments

    Post Top Ad

    Post Bottom Ad