വൃക്കകള്‍ തകരാറിലായി തമിഴ്‌സിനിമയിലെ സൂപ്പര്‍വില്ലന്‍ ആശുപത്രിയില്‍ ; ബന്ധു വിഷം നല്‍കി ചെയ്ത പണിയെന്ന് താരം
Type Here to Get Search Results !

വൃക്കകള്‍ തകരാറിലായി തമിഴ്‌സിനിമയിലെ സൂപ്പര്‍വില്ലന്‍ ആശുപത്രിയില്‍ ; ബന്ധു വിഷം നല്‍കി ചെയ്ത പണിയെന്ന് താരം


ചെന്നൈ: മലയാളം ഉള്‍പ്പെടെ അനേകം സിനിമകളില്‍ വില്ലനായി എത്തിയ നടന്‍ പൊന്നമ്പലം വൃക്കരോഗവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ മാസം നടന്നു.

ബന്ധുവും സംവിധായകനുമായ ജഗന്നാനാഥനാണ് താരത്തിന് വൃക്ക നല്‍കിയിരിക്കുന്നത്. രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം നഷ്ടപ്പെട്ട് ആശുപത്രിയിലാകാന്‍ കാരണമായി പൊന്നമ്പലം പറയുന്നത് ബന്ധുവിന്റെ ചതിയാണെന്നാണ്. തന്റെ മാനേജരായിരുന്ന സ്വന്തം പിതാവിന്റെ മൂന്നാമത്തെ ഭാര്യയുടെ മകന്‍ ബീയറിലും രസത്തിലും വിഷം കലക്കി തന്നെന്നും കൂടോത്രം ചെയ്തുമാണ് തന്നെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് പൊന്നമ്പലം ആരോപിക്കുന്നത്. താന്‍ നല്ല നിലയില്‍ എത്തിയതിന്റെ അസൂയ അയാള്‍ തീര്‍ത്തത് ഇങ്ങിനെയായിരുന്നെന്നും പൊന്നമ്പലം ആരോപിക്കുന്നു.

''ഇയാള്‍ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കല്‍ അയാള്‍ എന്തോ വിഷം എനിക്ക് ബിയറില്‍ കലക്കി തന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ രസത്തിലും കലക്കി തന്നു. കൂടാതെ വീടിന് മുന്നില്‍ കൂടോത്രവും ചെയ്തു, എല്ലാം എന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.'' ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്പലം ഈ ആരോപണം ഉന്നയിച്ചത്.

ഇയാളെ ഏറെ വിശ്വസിച്ചിരുന്നതിനാല്‍ സംശയിച്ചില്ല. കൂടെ ജോലി ചെയ്തവരെ പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് എല്ലാം അറിഞ്ഞതെന്നും പറഞ്ഞു. അടുത്തിടെയാണ് പൊന്നമ്പലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ സിനിമയില്‍ സഹതാരങ്ങളായിരുന്ന കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവരെല്ലാം ആശുപത്രിയില്‍ എത്തുകയും സഹായിക്കുകയും ചെയ്തതായും പൊന്നമ്പലം പറയുന്നു. എന്നാല്‍ ഒപ്പം അഭിനയിച്ചിട്ടുള്ള സൂപ്പര്‍താരങ്ങളായ അജിത്തോ വിജയ്‌യോ വിക്രമോ ഒന്നു അന്വേഷിക്കാന്‍ പോലും താല്‍പ്പര്യം കാട്ടിയില്ലെന്നും പറഞ്ഞു.

സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ എത്തുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങുകയും ചെയ്ത നടനാണ് പൊന്നമ്പലം. തമിഴായിരുന്നു തട്ടകമെങ്കിലും തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ വില്ലനായി എത്തി. മിക്ക സിനിമയിലും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു വേഷമിട്ടത്. മദ്യപിച്ചും, ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലായി എന്നാണ് പലരും തന്നെക്കുറിച്ച് കരുതുന്നത്. എന്നാല്‍ താന്‍ അങ്ങിനെയുള്ള ഒരാളായിരുന്നില്ല എന്നും പൊന്നമ്പലം പറയുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad