കണ്ണൂർ അർബൻ നിധി തട്ടിപ്പ് ; മയ്യിലിൽ ഒരു കേസ് കൂടി
മയ്യിൽ :- കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പു മായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നണിയൂർ നമ്പ്രത്തെ ശ്രീജയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശ്രീജയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമായി 19 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ശ്രീജയുടെ സഹോദരന്റെ ഭാര്യക്ക് സ്ഥാപനത്തിൽ സ്ഥിര ജോലി വാഗ്ദാനം ചെയ്ത് 2021 സെപ്റ്റംബറിൽ 8.62 ലക്ഷം രൂപയാണ് ആദ്യം നിക്ഷേപിച്ചതെന്ന് പറയുന്നു. തുർന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് അമ്മ 6.68 ലക്ഷവും, സഹോദരൻ രണ്ട് ലക്ഷവും സഹോദരിയുടെ ഭർത്താവ് 2.10 ലക്ഷവും നിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
കണ്ണൂർ അർബൻ നിധി ഡയരക്ടർ കെ.എം. ഗഫൂർ, സഹസ്ഥാപനമായ 'എനി ടൈം മണി' യുടെ ഡയറക്ടർമാരായ ഷൗക്കത്ത് അലി, ആന്റണി, അർബൻ നിധി അസി. ജനറൽ മാനേജർ ജീന എന്നിവരാണ് കേസിലെ പ്രതികൾ.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് കേസുകളാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്തത്. നാറാത്തെ ചുള്ളേരി കോമളവല്ലി, കു റ്റ്യാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. വത്സരാജൻ, കരിങ്കൽകുഴിയിലെ പി. ആതിര, കണ്ണാടിപ്പറമ്പ് ശബരി നിവാസിൽ മുരളി, കണ്ണാടിപ്പറമ്പിലെ പുളുക്കൂൽ നിഷ എന്നിവരുടെ പരാതികളിലാണ് നേരത്തെ കേസെടുത്തത്.
കോമളവല്ലിയുടെ 15.60 ലക്ഷം രൂപ യും കെ. വി. വത്സരാജന്റെ 13.30 ലക്ഷം രൂപയും പി. ആതിരയുടെ 15.18 ലക്ഷം രൂപയും മുരളി യുടെ 15.20 ലക്ഷം രൂപയും നിഷയുടെ 7.60 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

No comments
Post a Comment