സ്കൂളുകളിൽ വിൽപന കേന്ദ്രമൊരുക്കാൻ മിൽമ
തിരുവനന്തപുരം: കാന്റീനുകൾ ഇല്ലാത്ത സ്കൂളുകളിൽ ‘മിൽമ’ വിൽപന കേന്ദ്രങ്ങൾ തുടങ്ങും. സംസ്ഥാന സർക്കാറിന്റെ ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് പിന്തുണയുമായി ആവിഷ്കരിച്ച ‘മിൽമ അറ്റ് സ്കൂൾ പദ്ധതി’യുടെ ഭാഗമായാണിത്. അധ്യാപക-രക്ഷാകർതൃസമിതികൾ വഴിയാവും പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്തെ 80ൽപരം സ്കൂളുകൾ ഇതിനായി തെരഞ്ഞെടുക്കും. മിൽമ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല യൂനിയനുകൾ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. കാന്റീനുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ മിൽമ ഉൽപന്നങ്ങൾ ലഭിക്കുന്ന ബൂത്തുകൾ പി.ടി.എയുടെ സഹകരണത്തോടെ തുറക്കാനും ലക്ഷ്യമി ടുന്നു. കുട്ടികൾ സ്കൂൾ വളപ്പിന് പുറത്തുപോയി ഐസ്ക്രീം, ശീതളപാനീയങ്ങൾ തുടങ്ങിയ ലഘുഭക്ഷണങ്ങൾ വാങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കുട്ടികൾ അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കാനും ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണത്തിന്റയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് അകന്നുനിൽക്കാനും പുതിയ സംരംഭം ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് മിൽമ.

No comments
Post a Comment