പുതിയ അംഗത്തെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ: ഫോട്ടോയിൽ അന്ത്യചുംബനം നൽകി കണ്ണീരോടെ വിട
Type Here to Get Search Results !

പുതിയ അംഗത്തെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ: ഫോട്ടോയിൽ അന്ത്യചുംബനം നൽകി കണ്ണീരോടെ വിട



കണ്ണൂര്‍: പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങള്‍ക്ക് മുകളില്‍ വെച്ച ഫോട്ടോയ്ക്ക് അവസാന ചുംബനം നല്‍കി പ്രജിത്തിനും റീഷയ്ക്കും വിട നൽകി കുടുംബാംഗങ്ങൾ. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചായിരുന്നു റീഷയും പ്രജിത്തും മരിച്ചത്. ഹൃദയഭേദകമായ രംഗങ്ങളാണ് കുറ്റിയാട്ടൂരിലെ പ്രജിത്തിന്റെ വീട്ടിൽ കാണാനായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങൾ എത്തിച്ചപ്പോഴുണ്ടായത്. നൂറുകണക്കിനാളുകള്‍ ദുരന്തവാര്‍ത്തയറിഞ്ഞ് പ്രിജിത്തിൻ്റെയും റീഷയുടെയും വീടുകളിലെത്തിയിരുന്നു.

ഏഴുവയസുകാരി ശ്രീപാര്‍വതിയെ തനിച്ചാക്കിയാണ് മാതാപിതാക്കളായ റീഷയും പ്രജിത്തും വിടപറഞ്ഞത്. കാര്‍ കത്തിയമര്‍ന്ന് അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായത് ശ്രീപാര്‍വതിയാണ്. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ആസ്പത്രിയിലേക്ക് വന്നതായിരുന്നു ശ്രീപാര്‍വതിയും. എന്നാല്‍ യാത്ര വലിയൊരു ദുരന്തത്തിലാണെത്തിയത്. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ.

വീട്ടിലേക്ക് ഒരംഗം കൂടി വരുന്നതിനായി കാത്തിരുന്ന കുടുംബത്തിലേക്കാണ് വന്‍ ദുരന്തം തീയായി വീണത്. കാര്‍ കത്തി ഉണ്ടായ അപകടത്തിലൂടെ പൊലിഞ്ഞത് ശരിക്കും മൂന്ന് ജീവനുകളാണ്. മരണപ്പെട്ട റീഷ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. റീഷയുടെ പ്രസവാവശ്യത്തിന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആശുപത്രിക്ക് തൊട്ടടുത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് കാറിന്റെ അടുത്തെത്താന്‍ പോലും സാധിച്ചില്ല. പൂർണ ഗർഭിണി ആയിരുന്ന റീഷയെയും കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു അതിദാരുണമായ ആ അപകടം സംഭവിച്ചത്.

ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് വ്യാഴാഴ്ച്ച ജില്ലാ ആശുപത്രി പരിസരം സാക്ഷിയായത്. കാറിനകത്തു നിന്ന് ഇരുവരുടെയും നിലവിളി ഉയര്‍ന്നെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഓടിക്കൂടിയവര്‍ കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയാണ്. റീഷ നിലവിളിച്ച് കാറിൻ്റെ ഗ്ലാസ്സിനിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കാറില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തിറങ്ങിയ നാലുപേരും കണ്ടത് തങ്ങളുടെ ജീവനായ രണ്ടുപേര്‍ ജീവനോടെ കത്തുന്നതാണ്. കൂട്ടക്കരച്ചിലിനിടയില്‍ ഫോയര്‍ഫോഴ്സിനെ വിളിക്കുവെന്ന ആള്‍കൂട്ടത്തിന്റെ അലറല്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഒരു വിളിപ്പാടകലെ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപം കുറ്റിയാട്ടൂര്‍ സ്വദേശി പ്രജിത്തും ഭാര്യ റീഷയും കത്തിയമര്‍ന്നത് ഉറ്റവര്‍ നോക്കി നില്‍ക്കെയാണ്. സംഭവം കണ്ട നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ നിസഹായരായി. മുന്‍വശത്തെ ഡോറുകള്‍ ലോക്കായതിനാല്‍ തീനാളങ്ങള്‍ക്കിടയില്‍ നിന്ന് ഇരുവരെയും രക്ഷിക്കാനായില്ല. റീഷയുടെ മാതാപിതാക്കളും മകളും നിസഹായരായി നോക്കിനില്‍ക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.

കാറിൽ തീപടർന്നത് ഡാഷ് ബോർഡിൽനിന്നെന്ന് നിഗമനം. സ്വന്തം സീറ്റ് ബൽറ്റ് അഴിക്കാൻ സാവകാശം കിട്ടുന്നതിനു മുൻപുതന്നെ രണ്ടുപേരും അഗ്നിക്കിരയായി.കാറിൽ സാനിറ്റൈസർ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്. തീ പടർന്നത് ഡാഷ് ബോഡിൽനിന്നാണെന്നും ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആർടിഒ പറഞ്ഞു. ബോണറ്റിലേക്കോ പെട്രോൾ ടാങ്കിലേക്കോ തീ പടർന്നില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും കാറിൽ ഘടിപ്പിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad