ഓപ്പറേഷൻ ‘ആഗ്’ കണ്ണൂർ ജില്ലയിൽ 264 ഗുണ്ടകളെ പിടിച്ചു
സംസ്ഥാന സർക്കാറിന്റെ ഓപ്പറേഷൻ ‘ആഗ്’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒറ്റരാത്രി കൊണ്ട് 264 ഗുണ്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് 130 പേരെയും റൂറൽ പരിധിയിൽ നിന്ന് 134 പേരെയുമാണ് കസ്റ്റഡിയിൽ എടുത്തത്.
ഇവരിൽ 12 പേർ കാപ്പ നിയമ പ്രകാരമുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചവരും ഏഴുപേർ പിടികിട്ടാപ്പുള്ളികളുമാണ്. വീടുകൾ, ബാറുകൾ, ഹോട്ടലുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടിച്ചത്.
കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ അഞ്ഞൂറോളം വാഹനങ്ങൾ പരിശോധിച്ചു. 225 പേരെ കസ്റ്റഡിയിൽ എടുത്തതിൽ 130 പേരൊഴികെ ഉള്ളവരെ വിട്ടയച്ചു.
മൂന്നും അതിലധികവും കേസുകളിൽ പ്രതികളായവരെ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സമൂഹ വിരുദ്ധരെ കണ്ടെത്താൻ നടപടി തുടരുമെന്നും സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. പിടിയിലായവരിൽ പകുതിയിലേറെയും ലഹരി കേസുകളിൽ പെട്ടവരാണ്. കസ്റ്റഡിയിലുള്ള ചിലരെ റിമാൻഡ് ചെയ്യും.
കേസിന്റെ സ്വഭാവം നോക്കി മറ്റു ചിലരെ കരുതൽ തടങ്കലിൽ വെക്കും. റൂറൽ പരിധിയിൽ നിന്ന് പിടിയിലായവരിൽ ആറു പേർ വാറണ്ട് പ്രതികളും ഒരാൾ പിടികിട്ടാപ്പുള്ളിയുമാണെന്ന് റൂറൽ എസ്.പി എം ഹേമലത പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ വിനോദ് കുമാറും സംബന്ധിച്ചു.
No comments
Post a Comment