"ഒടുവിൽ ഭരണഘടനയുടെ 21-ാം അനുച്ഛേദം വിജയിച്ചു": സിദ്ദിഖ് കാപ്പന്റെ ജയിൽ മോചനത്തിൽ പി. ചിദംബരം
Type Here to Get Search Results !

"ഒടുവിൽ ഭരണഘടനയുടെ 21-ാം അനുച്ഛേദം വിജയിച്ചു": സിദ്ദിഖ് കാപ്പന്റെ ജയിൽ മോചനത്തിൽ പി. ചിദംബരം




രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഇതിലൂടെ ഭരണഘടനയുടെ 21-ാം അനുച്ഛേദം വിജയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഒരു വ്യക്തിയുടെ ജീവനും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്റെ അവകാശത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

എന്നാൽ സുപ്രീംകോടതി ജാമ്യവ്യവസ്ഥപ്രകാരം ആറ് ആഴ്ച ഡല്‍ഹിയില്‍ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖ് കാപ്പന് കേരളത്തിലേക്ക് പോകാന്‍ സാധിക്കൂ. 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗ ജില്ലാ ജയിലിൽ നിന്ന് ഇന്ന് രാവിലെ പുറത്തിറങ്ങിയത് . സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്.

കൂടാതെ കാപ്പന് ഒരു മാസം മുമ്പ് ജാമ്യം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് കോടതി ജയിൽ മോചന ഉത്തരവില്‍ ഒപ്പുവെച്ചത്. അതേസമയം 2020 ഒക്ടോബറിൽ ആണ് സിദ്ദീഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന യാത്രാമധ്യേ ആയിരുന്നു അദ്ദേഹത്തെയും കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഹത്രാസ് പെൺകുട്ടിയുടെ മരണത്തിൽ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും സിദ്ധിഖ്‌ കാപ്പനെതിരെ ചുമത്തിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ജയിൽ മോചനത്തെ തുടർന്ന് ഒടുവിൽ ഭരണഘടനയുടെ 21-ാം അനുച്ഛേദം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സ്വതന്ത്രനായെന്നും പി ചിദംബരം പ്രതികരിച്ചു.

കൂടാതെ ട്രയൽ കോടതി ജഡ്ജിമാർ ജുഡീഷ്യൽ കസ്റ്റഡി ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും ഇത് ശരിക്കും വിചാരണയ്ക്ക് മുമ്പുള്ള തടവാണെന്നും മുൻ ആഭ്യന്തര മന്ത്രി കൂടി ആയിരുന്ന അദ്ദേഹം വ്യക്തമാക്കി. അതേസമയം നിരോധിക്കപ്പെട്ടിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തിയും ആണ് സിദ്ധിഖ് കാപ്പനെതിരെ പോലീസ് കേസ് എടുത്തതെന്നാണ് കോടതിയെ അറിയിച്ചത്.

എന്നാൽ യു.എ.പി.എ കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കേസായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. കാപ്പന്റെ അക്കൗണ്ടിലുണ്ടായിരുന്ന 45,000 രൂപ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി കേസ് എടുത്തത്. ഹത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നായിരുന്നു ഇ.ഡിയുടെ വാദം.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad