Header Ads

  • Breaking News

    എട്ടുവർഷത്തിനുള്ളിൽ കേരളത്തിലെ അതിഥിതൊഴിലാളികൾ ജനസംഖ്യയുടെ ആറിലൊന്നാകും



    തിരുവനന്തപുരം:അടുത്ത എട്ടുവർഷത്തിനിടെ കേരളത്തിലെ അതിഥിതൊഴിലാളികളുടെ എണ്ണം സംസ്ഥാനജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം. 2017-18ൽ കേരളത്തിൽ 31.4 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഇത് 2030-ഓടെ 60 ലക്ഷത്തോളമായി ഉയരുമെന്നാണ് നിഗമനം. അപ്പോൾ കേരള ജനസംഖ്യ 3.60 കോടിയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    സംസ്ഥാന ആസൂത്രണ ബോർഡ് ഇവാല്വേഷൻ വിഭാഗത്തിന്റെ 'അതിഥിതൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും' എന്ന പഠനറിപ്പോർട്ടിലാണ് ഈ കണക്കുകൾ.

    മികച്ച ശമ്പളവും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമാണ് കേരളത്തെ അതിഥിതൊഴിലാളികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. 2017-18ലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാൽ സംസ്ഥാനത്തെത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025-ഓടെ 45.7 ലക്ഷം മുതൽ 47.9 ലക്ഷംവരെയായി ഉയരും. 2030-ഓടെ 55.9 ലക്ഷം മുതൽ 59.7 ലക്ഷംവരെയായും ഉയരും. കൂടുതൽ തൊഴിലവസരങ്ങളുണ്ടായാൽ ഇവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

    മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തി ദീർഘകാലമായി കേരളത്തിൽ കുടുംബമായും മറ്റും തുടരുന്നവർ 10.3 ലക്ഷമാണ്. ഇവരുടെ എണ്ണം മൂന്നുവർഷംകൊണ്ട് 13.2 ലക്ഷമായും എട്ടുവർഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. അതുപോലെ, മൂന്നോനാലോ മാസംമാത്രം ജോലിചെയ്യാനെത്തുന്ന ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വർഷത്തിൽ 21.1 ലക്ഷം മാത്രമാണ്. 2015-ഓടെ ഇവരുടെ എണ്ണം 34.4 ലക്ഷമായും 2030-ഓടെ 44 ലക്ഷമായും ഉയരും.

    നിലവിൽ ഏറ്റവും കൂടുതൽ അതിഥിതൊഴിലാളികൾ പണിയെടുക്കുന്നത് നിർമാണമേഖലയിലാണ്-17.5 ലക്ഷം പേർ. ഉത്പാദനമേഖലയിൽ 6.3 ലക്ഷവും കൃഷി അനുബന്ധമേഖലയിൽ മൂന്നു ലക്ഷംപേരും ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 1.7 ലക്ഷം പേരും അതിഥിതൊഴിലാളികളായുണ്ട്.

    അതിഥിതൊഴിലാളികളെ ബോധവത്കരിക്കണം

    തൊഴിലിനായി കുടിയേറിയെത്തുന്നവർക്കിടയിൽ ബോധവത്കരണപ്രവർത്തനം കൂടുതൽ ഊർജിതപ്പെടുത്തണം. അവർക്കിടയിൽ ഇവിടത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കണം. വിദ്യാഭ്യാസവും നൽകണം. -ഡോ. കെ. രവിരാമൻ, വിദഗ്ധ അംഗം, സംസ്ഥാന ആസൂത്രണബോർഡ്

    No comments

    Post Top Ad

    Post Bottom Ad