Header Ads

  • Breaking News

    വര്‍ഗീയ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

     


    തിരുവനന്തപുരം: 

    സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

    സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം. വിഭാഗീയതയുണ്ടാക്കാനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

    മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍ നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

    സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad