തിരുവനന്തപുരം:
ലൈംഗിക പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സോളാര്‍ കേസിലെ പരാതിക്കാരി സിബിഐയ്ക്ക് മൊഴി നല്‍കി. ഏഴര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ പരാതിക്കാരി നിര്‍ണ്ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. പീഡന ദൃശ്യങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കൈമാറി എന്നാണ് സൂചന.
അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രണ്‍ധീര്‍ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകള്‍ നല്‍കിയത്. ഇവര്‍ കൈമാറിയ രേഖകള്‍ അന്വേഷണസംഘം ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷമാകും അറസ്റ്റ് ഉള്‍പ്പടെ തുടര്‍ നടപടികളിലേക്ക് കടക്കുക.കെസി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി കൂടിയായ യുവതിയുടെ മൊഴി.
പീഡനത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും മൊഴിയിലുണ്ട്. തനിക്കു ഒരാഴ്ച എഴുന്നേറ്റു നടക്കാൻ പോലും സാധിച്ചില്ലെന്നും ഇവർ പറഞ്ഞു. ഇതിന്റെ രേഖകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്തിയാണ് പരാതിക്കാരി വേണുഗോപാലിനെതിരെ മൊഴി നല്‍കിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായെന്നും അവർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏഴര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്.
അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് എതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.