Header Ads

  • Breaking News

    പെട്രോൾ‍, ഡീസല്‍ ജിഎസ്‌ടിയിലേക്ക് മാറില്ല; സമയമായില്ലെന്ന് നിര്‍മല സീതാരാമൻ


    പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിലേക്ക്‌ തൽക്കാലം കൊണ്ടുവരേണ്ടതില്ലെന്ന്‌ ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം ഏകകണ്‌ഠമായി തീരുമാനിച്ചു. കേരള ഹൈക്കോടതി നിർദേശപ്രകാരം വിഷയം പരിഗണിച്ചെങ്കിലും കേന്ദ്ര സർക്കാർ നടപ്പാക്കാൻ താൽപ്പര്യപ്പെട്ടില്ല. സംസ്ഥാനങ്ങളും വിയോജിച്ചു.

    പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിലാക്കാന്‍ ഇപ്പോള്‍ അനുകൂല സമയമല്ലെന്നും ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്‌ടി യോഗത്തിൽ ബിജെപി ഭരണ സംസ്ഥാനങ്ങള്‍ നിർദേശത്തെ ശക്തമായി എതിർത്തു.

    പുതിയ നികുതി നിർദേശങ്ങൾ ജനുവരിമുതൽ നടപ്പാകും.

    ● ഇരുമ്പ്, ചെമ്പ്, മാംഗനീസ്‌, അലുമിനിയം, കൊബാൾട്ട്‌, ലെഡ്‌, സിങ്ക്‌, ടിൻ, ക്രോമിയം എന്നിവയുടെ നികുതി അഞ്ചിൽനിന്ന്‌ 18 ശതമാനമാക്കി.

    ● എക്‌സ്‌റ്റേണൽ ബാറ്ററിക്ക് 18 ൽനിന്ന്‌ 28 ശതമാനമാക്കി.

    ● പേനകള്‍ക്ക് 18 ശതമാനം

    ● കാർബൺ കലർത്തിയ പഴച്ചാറുകളുടെയും ജ്യൂസുകളുടെയും 28 ശതമാനം നികുതിക്കൊപ്പം 18 ശതമാനം നഷ്‌ടപരിഹാര നികുതിയും ഈടാക്കും.

    ● ആവർത്തനോപയോഗ ഉൽപ്പന്നങ്ങൾക്ക്‌ 12 ശതമാനം.

    ● ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകൾ ഇനിമുതൽ അഞ്ചു ശതമാനം ജിഎസ്‌ടി നൽകണം. നിലവിൽ റെസ്‌റ്റോറന്റുകളായിരുന്നു നികുതി അടയ്‌ക്കേണ്ടത്.

    ● കോവിഡ്‌ ചികിത്സയ്‌ക്കുള്ള 11 മരുന്നിന്റെ നികുതി ഇളവ്‌ ഡിസംബർ അവസാനംവരെ തുടരും.

    ● ക്യാൻസർ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ നികുതി 12ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി.

    ● റെയിൽവേ പാർട്ടുകൾ, ലോക്കോമോട്ടീവുകൾ എന്നിവയുടെ നികുതി 12ൽനിന്ന്‌ 18 ശതമാനമാക്കി.

    ● ചരക്കുവണ്ടികൾക്ക്‌ സംസ്ഥാനങ്ങൾ ഈടാക്കിയിരുന്ന നാഷണൽ പെർമിറ്റ്‌ ഫീസ്‌ ഒഴിവാക്കി.

    ● പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയ്‌ക്ക്‌ അന്തിമ ഉൽപ്പന്നത്തിന്‌ കൂടുതൽ നികുതി ഈടാക്കുന്നത്‌ 2022 ജനുവരി ഒന്നുമുതൽ തിരുത്തും.

    കേരളം എതിർത്തു; വെളിച്ചെണ്ണ നികുതി കൂട്ടിയില്ല

    ഒരു ലിറ്ററിൽ താഴെയുള്ള പായ്‌ക്കറ്റ്‌ വെളിച്ചെണ്ണയുടെ ജിഎസ്‌ടി അഞ്ചിൽ നിന്ന്‌ 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്രനീക്കം കേരളം തടഞ്ഞു. ജിഎസ്‌ടി യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ശക്തമായി എതിർത്തതോടെയാണ് പിന്മാറ്റം. ഒരു ലിറ്ററിൽ താഴെയുള്ള വെളിച്ചെണ്ണ പായ്‌ക്കറ്റുകളെ ഹെയറോയിലായി പരിഗണിച്ച്‌ നികുതി കൂട്ടാനായിരുന്നു നീക്കം.

    No comments

    Post Top Ad

    Post Bottom Ad