Header Ads

  • Breaking News

    സുധാകര ബന്ധം അടിമുടി ദുരൂഹം; അപസർപ്പക കഥകളിൽ മായില്ല

     


    മോൻസൺ മാവുങ്കൽ എന്ന കൊടും തട്ടിപ്പുകാരനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനുള്ള ബന്ധം മാധ്യമങ്ങളുടെ അപസർപ്പക കഥകൾക്ക്‌ മറയ്‌ക്കാനാകില്ല. പുറത്തുവരുന്ന ചിത്രങ്ങളിലും വീഡിയോകളിലും വെളിപ്പെടുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌. പണം ഇടപാടുകൾ നടന്നതും അവയ്‌ക്ക്‌ കോൺഗ്രസ്‌ നേതാക്കളുടെ നേരിട്ടും അല്ലാതെയുമുള്ള സാന്നിധ്യവും ഓരോദിനവും സ്ഥിരീകരിക്കുകയാണ്‌.

    കെ മുരളീധരൻ, എ കെ ആന്റണി, വയലാർ രവി തുടങ്ങി നേതാക്കളുടെ പേരുകളും പുറത്തുവന്നു. പരാതിക്കാരിലൊരാളായ അനൂപ്‌ ക്രൈംബ്രാഞ്ചിനോട്‌ വ്യക്തമാക്കിയത്‌ കെ സുധാകരനെ മോൻസൺ വീട്ടിലേക്ക്‌ വിളിച്ച്‌ വരുത്തിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറി എന്നുമാണ്‌. സുധാകരനുമായി മോൻസണ്‌ ബന്ധമുണ്ടോയെന്ന്‌ അനൂപ്‌ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു സുധാകരന്റെ സാന്നിധ്യത്തിൽത്തന്നെ പണം വാങ്ങിയത്‌.  ‘‘ കെ സുധാകരനും കെ മുരളീധരനും മറ്റും എന്നെ കെട്ടിപ്പിടിച്ച്‌ ഫോട്ടോയെടുക്കുന്നത്‌ എന്തിനാണെന്നാ വിചാരിച്ചേ? കാശ്‌ വരുമെന്ന്‌ അവർക്കറിയാം ’’ എന്ന്‌ മോൻസൺ പറയുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു.

    സുധാകരൻ പതിവായി മോൻസണിന്റെ വീട്‌ സന്ദർശിച്ചതെന്തിന്‌? നേരത്തേ ‘ത്വക്ക്‌’ ചികിത്സയെന്നു പറഞ്ഞു. പിന്നീട്‌ ‘കണ്ണാ’ക്കിയതെന്തിന്‌? അറിയില്ലെന്നു പറഞ്ഞയാളെ അറിയുമെന്ന്‌ മാറ്റിപ്പറയേണ്ടി വന്നതെന്തുകൊണ്ട്‌?–- മറുപടി കിട്ടേണ്ട ചോദ്യങ്ങൾ ഏറെയാണ്‌. കണ്ണ്‌ ചികിത്സയ്‌ക്ക്‌ മികച്ചയിടം മാവുങ്കലാണെന്നാണ്‌ കണ്ടെത്തിയത്‌. 2018 മുതൽ സുധാകരനും ബിനാമികളും നടത്തിയ  ഇടപാടും അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.

    സിപിഐ എം അനുഭാവിയുടെമേൽപ്പോലും ചെറിയ ആരോപണം ഉയർന്നാൽ ഇളക്കിമറിക്കുന്ന മാധ്യമങ്ങൾ ഇപ്പോൾ അഭിരമിക്കുന്നത്‌ അപസർപ്പക കഥകളിലാണ്‌. ഇതുകൊണ്ടൊന്നും തട്ടിപ്പുക്കാരനുമായുള്ള കോൺഗ്രസ്‌ ബന്ധം മറയ്‌ക്കാനാകില്ല.

    മോൻസണിന്റെ വീട്‌ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർതന്നെ അന്വേഷണത്തിലേക്കുള്ള വഴിതുറന്ന സത്യം മറച്ച്‌ പൊലീസിനെതിരെ വാർത്താപരമ്പരകളാണ്‌. ഏതെങ്കിലും ഉദ്യോഗസ്ഥൻ തട്ടിപ്പിന്‌ കൂട്ട്‌ നിന്നിട്ടുണ്ടെങ്കിൽ അവരും അകത്തായ ചരിത്രമാണ്‌ എൽഡിഎഫ്‌ ഭരണത്തിനുള്ളത്‌.

    No comments

    Post Top Ad

    Post Bottom Ad