Header Ads

  • Breaking News

    പി ജയരാജന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി


    കണ്ണൂർ (പരിയാരം) :

    കോവിഡ്‌ ബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐ. സി. യുവിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ എം. എൽ. എയും സി. പി. ഐ. എം സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. നിലവിലെ ചികിത്സയ്‌ക്കൊപ്പം മോണോ ക്ലോനൽ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ്‌ ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി. ടി സ്കാൻ ഉൾപ്പടെ നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ തീരുമാനിച്ചു.

    നാലുതവണ ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക്‌ വിധേയനാവുകയും, ശാരീരികമായ ആക്രമണം നേരിട്ടതിനെത്തുടർന്നുണ്ടായ ശരീരത്തിന്റെ ദുർബലാവസ്ഥ അലട്ടുന്നതിനൊപ്പം കോവിഡ്‌ കൂടി ബാധിച്ചതിനാലും ഗുരുതരാവസ്ഥ നിലനിൽക്കുകയാണെന്നും ഐ. സി. യു വിൽ തുടരുന്നതിനും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു.

    രക്തത്തിലെ ഓക്സിജന്റെ അളവും രക്തസമ്മർദ്ദവും ഇപ്പോൾ സാധാരണ നിലയിലാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.കോവിഡ്‌ പോസിറ്റീവായതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾ കാരണം ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ തീർത്തും ക്ഷിണിതനായാണ് ഇന്നലെ അർദ്ധരാത്രിയോടെ അദ്ദേഹത്തെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്‌ കൺവീനറുമായ പ്രത്യേക മെഡിക്കൽ ബോർഡിന്‌ കീഴിലാണ്‌ ശ്രീ പി ജയരാജന്റെ ചികിത്സ. ശ്വാസകോശ വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ ഡി കെ മനോജ്‌, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്‌ (കാഷ്വാലിറ്റി) ഡോ വിമൽ റോഹൻ, മെഡിസിൻ വിഭാഗം മേധാവി ഡോ കെ സി രഞ്ജിത്ത്‌ കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ എസ്‌ എം അഷ്‌റഫ്‌, ഇൻഫെക്ഷൻ കൺട്രോൾ യുണിറ്റ് മേധാവി ഡോ എ കെ ജയശ്രീ, കോവിഡ്‌ ചികിത്സാവിഭാഗം നോഡൽ ഓഫീസർ ഡോ വി കെ പ്രമോദ്‌ എന്നിവരാണ് മെഡിക്കൽ ബോർഡിലെ മറ്റ് അംഗങ്ങൾ. ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇൻഫെക്ഷൻ കൺട്രോൾ സ്പെഷ്യലിസ്റ്റും സംസ്ഥാന കോവിഡ്‌ സെൽ അംഗവുമായ ഡോ അരവിന്ദുമായി മെഡിക്കൽ ബോർഡ് ചർച്ച ചെയ്തതായും മെഡിക്കൽ ബോർഡ് ചെയർമാനും കൺവിനറും അറിയിച്ചു


    No comments

    Post Top Ad

    Post Bottom Ad