Header Ads

  • Breaking News

    "പ്രേമം കൊണ്ടൊന്നുമല്ല, എന്റെ കൂടെനിന്നാല്‍ കാശ് വരുമെന്ന് സുധാകരന് അറിയാം"; മോന്‍സണിന്റെ ശബ്ദസന്ദേശം പുറത്ത്...



    കൊച്ചി: 

    മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇടപാട് നടന്നാല്‍ പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരന്‍ കൂടെനില്‍ക്കുന്നതെന്ന് മോന്‍സണ്‍ പരാതിക്കാരനായ അനൂപിനോട് പറയുന്നതാണ് ശബ്ദസന്ദേശം. കെ മുരളീധരന്‍ എം പിയുടെ പേരും മോന്‍സന്‍ സംഭാഷണത്തിനിടെ പരാമര്‍ശിക്കുന്നുണ്ട്.


    'കെ സുധാകരനും മുരളീധരനും എംപിമാരാണ്. അവരെല്ലാം എന്റെ കാര്യത്തിനുവേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്തിനാണെന്നാ ഓര്‍ത്തത്? എന്നോടുള്ള പ്രേമം കൊണ്ടാണോ? അവര്‍ക്കറിയാം.. കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവരൊക്കെ നില്‍ക്കുന്നത്'- മോന്‍സണ്‍ അനൂപുമായുള്ള സംഭാഷണത്തില്‍ പറയുന്നു. മോന്‍സണ്‍ മാവുങ്കലുമായി ഉറ്റബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായതോടെ കെ സുധാകരന്റെ പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. മോന്‍സണിന്റെ ഇടപാടുകളില്‍ സുധാകരന്റെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണസംഘത്തിന് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്.
    കൊച്ചി കലൂരിലെ മോന്‍സണിന്റെ വീട്ടില്‍വച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിരുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാന്‍ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ ഉറപ്പുനല്‍കിയെന്നും ഇവര്‍ പറഞ്ഞു. മോന്‍സണിന്റെ വസതിയില്‍ നിരവധി തവണ പോയെന്ന് സുധാകരനും സമ്മതിച്ചു. ഇടപാടില്‍ സുധാകരന് പങ്കുണ്ടെന്നാണ് മുന്‍ ഡ്രൈവറും നല്‍കിയ സൂചന.


    കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എംപി, ലാലി വിന്‍സന്റ് എന്നിവരുമായുള്ള ബന്ധവും പുറത്തുവന്നിരുന്നു. സുധാകരന്റെ പങ്കാളിത്തം കണ്ടെത്താന്‍ വിശദ അന്വേഷണം വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിലെ പരാതിക്കാരെ കണ്ടിട്ടില്ലെന്നാണ് സുധാകരന്റെ അവകാശവാദം. ചികിത്സയ്ക്ക് പോയപ്പോള്‍ ഫോട്ടോ  എടുത്തതാണ്. എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ വരുമെന്നാണ് സുധാകരവിരുദ്ധരായ നേതാക്കളുടെ പ്രതീക്ഷ. കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ ഉയര്‍ന്നിട്ടുള്ള വികാരത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാന്റെ അന്വേഷണ ആവശ്യം. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബെന്നി ബഹനാന്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇടപാടുസംബന്ധിച്ച് ഹൈക്കമാന്‍ഡിനോട് സുധാകരന് ഉടന്‍ വിശദീകരണം നല്‍കേണ്ടിവരും.
    Read more: https://www.deshabhimani.com/news/kerala/monson-mavunkal-k-sudhakaran-connection-audio-clip/972985

    No comments

    Post Top Ad

    Post Bottom Ad