Header Ads

  • Breaking News

    ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു: ജീവിതം വഴിമുട്ടി വീട്ടമ്മ

     



    കോട്ടയം: 

    ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവർ ആരോപിക്കുന്നു.

    കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.
    പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.

    വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ജെസി ചോദിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad