Header Ads

  • Breaking News

    കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന വൈറസ്; മുന്നറിയിപ്പുമായി ചൈനീസ് 'ബാറ്റ് വുമണ്‍'

     


    കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുന്നത് തുടരുമെന്ന് ചൈനീസ് പകര്‍ച്ചവ്യാധി വിദഗ്ധയുടെ മുന്നറിയിപ്പ്. 'ബാറ്റ് വുമണ്‍' എന്നറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയായ ഷി സെന്‍ഗ്ലിയാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണമെന്നാണ് അവര്‍ ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിക്കു കീഴിലെ ഹെല്‍ത്ത് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

    കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേക ഇനം വവ്വാല്‍ (horseshoe bat) സാര്‍സുമായി ബന്ധമുള്ള കൊറോണ വൈറസിന്റെ പ്രകൃത്യായുള്ള സംരക്ഷണ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു. ഈ വവ്വാലുകളിലാണ് സാര്‍സ് കോവ് 2 ന് ഏറ്റവും അടുത്തു നില്‍ക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളത്. 2013ല്‍ ഷിയും സംഘവും നടത്തിയ ഗവേഷണത്തിനൊടുവില്‍ യുനാന്‍ പ്രവിശ്യയിലെ മോജിയാങ് ഗുഹയില്‍ നിന്നായിരുന്നു ഈ നിര്‍ണായക കണ്ടെത്തല്‍. ഈ വവ്വാലിലെ കൊറോണ വൈറസിന് സാര്‍സ് കോവ് 2 വൈറസുമായി 96 ശതമാനം ജനിതക സാമ്യതയുണ്ട്.

    കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചൈനയില്‍ വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 10 ചൈനീസ് പ്രവിശ്യകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ കോവിഡ് പടര്‍ന്നു പിടിക്കുന്നത് തടയാനായി ഓഗസ്റ്റ് ആറ് മുതല്‍ അതിര്‍ത്തികളിലും പ്രവിശ്യകളിലും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

    2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കോവിഡ് 19 തിരിച്ചറിഞ്ഞത്. ഇവിടെയുള്ള കടല്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയിലെ ജോലിക്കാരിലും ഉപഭോക്താക്കളിലുമാണ് നേരത്തെ പരിചയമില്ലാത്ത കോവിഡിനെ ആദ്യം തിരിച്ചറിഞ്ഞത്. വൈകാതെ ലോകം മുഴുവനും അതിവേഗത്തില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിക്കുകയും ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആദ്യം കണ്ടെത്തിയത്.

    അതിവേഗത്തില്‍ പടരുന്ന ഈ കോവിഡ് 19 ചൈന അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 135 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഈ ഭീഷണിക്കെതിരായ പരിഹാരമാര്‍ഗം കോവിഡ് പ്രതിരോധവാക്‌സീന്‍ മാത്രമാണെന്ന് ഷി ഓര്‍മിപ്പിക്കുന്നുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad