Header Ads

  • Breaking News

    പരിയാരത്ത് കോൺട്രാക്ടറെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ


    പരിയാരം:
    കോൺട്രാക്ടറെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് പരിയാരം ഇൻസ്പെക്ടർ SI കെ വി സതീശൻ അറസ്റ്റ് ചെയ്തത്.  

    ക്വട്ടേഷൻ നൽകിയ കണ്ണൂർ കേരളാ ബേങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്. ഇവർ കോട്ടയം ഭാഗത്ത് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഒരു സ്ത്രീ ക്വട്ടേഷൻ നൽകിയ സംഭവം കേരളത്തിൽ വളരെ അപൂർവ്വമാണെന്ന് പോലീസ് പറഞ്ഞു.നാലുപേരും ബി.ജെ.പി.യുടെ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണെന്നും പോലീസ് പറഞ്ഞു. 

    സംഭവത്തേക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: സംഭവം നടന്ന ഏപ്രിൽ 18 ന് രണ്ട് മാസം മുമ്പാണ് കണ്ണൂർ പടന്നപ്പാലത്ത് ഫ്ലാറ്റിൽ താമസിക്കുന്ന സീമ രതീഷുമായി ബന്ധപ്പെടുന്നത്. മുമ്പ് ചെറുതാഴം ബേങ്ക് ജീവനക്കാരിയായിരുന്ന എൻ.വി.സീമ,  പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ  നീതി മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമായി.  സുരേഷ് ബാബു തൻ്റെ ഭർത്താവിനെ വഴിതെറ്റിക്കുകയാണെന്നും, തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചു നാൾ കിടത്തണമെന്നും, പറ്റിയ ആളുണ്ടോ എന്നും രതീഷിനോട് ചോദിക്കുന്നു. രതീഷ് ക്വട്ടേഷൻ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് മൂവരും കണ്ണൂരിലെ സീമ ജോലി ചെയ്യുന്ന കേരള ബാങ്ക് ശാഖയിലെത്തി നേരിൽ കാണുകയും കൃത്യം നടത്തിയാൽ 3 ലക്ഷം രൂപ നൽകുമെന്ന കരാർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അഡ്വാൻസ് നൽകാൻ തയ്യാറായില്ല. പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഒരു ഐസ്ക്രീം പാർലറിൽ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. ഇതിന് ശേഷം പ്രതികൾ ബൈക്കിൽ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടർന്നുവെങ്കിലും കൂടെ മറ്റാളുകൾ ഉണ്ടായിരുന്നതിനാൽ കൃത്യം നടപ്പിലാക്കാൻ സാധിച്ചില്ല. ഇതിനായി പ്രതികൾ കൃത്യം നടത്താൻ ഒരു ഇന്നോവ കാർ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തിൽ പെട്ടതിനാൽ തിരിച്ചു കൊടുക്കേണ്ടി വന്നു. ഈ സമയത്താണ് ഇവർ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18 ന് വൈകുന്നേരം തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുർവേദ കോളേജ് പരിസരത്ത് കറങ്ങി.  രാത്രി എട്ട് മണിയോടെ റോഡിലൂടെ പോയപ്പോൾ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയിൽ ഇരിക്കുന്നത് കണ്ടു. തുടർന്ന് കാർ സുരേഷ് ബാബുവിൻ്റെ വീട്ടുപരിസരത്ത് നിർത്തിയ ശേഷം സുധിഷും ജിഷ്ണുവുമാണ് അക്രമം നടത്താൻ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിൻ്റെ നിലവിളി കേട്ട് ബന്ധുക്കളും അയൽക്കാരും എത്തുമ്പോഴേക്കും അക്രമികൾ കാറിൽ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികൾ ശ്രീസ്ഥ - ഭാസ്ക്കരൻപീടികയിൽ എത്തി വെട്ടാനുപയോഗിച്ച വടിവാൾ രാമപുരംപുഴയിൽ ഉപേക്ഷിച്ചു. ഇത് തളിപ്പറമ്പിലെ ഒരു കടയിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സുധീഷ് കാറിൽ നീലേശ്വരത്തേക്ക് തിരിച്ചു പോയി. പിറ്റേന്ന് രാവിലെ രതീഷും അഭിലാഷും ബൈക്കിൽ സുരേഷ് ബാബുവിൻ്റെ വീട്ടിലെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

    പരിയാരം എസ് ഐ കെ.വി. സതീശനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിൽ എസ് ഐ ദിനേശൻ, എ എസ് ഐമാരായ നൗഫൽ അഞ്ചില്ലത്ത്, നികേഷ്, സി പി ഒ മാരായ കെ.വി.മനോജ്, വി.വി.മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad