കൊച്ചി :
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്ത സ്ഥാപന ഉടമ അറസ്റ്റില്‍.
ടെക്‌സ്‌റ്റൈൽ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സനീഷ് പിടിയിലായത്.
ജോലിക്കെന്ന പേരിൽ യുവതികളെ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വൈറ്റിലയില്‍ തുണിക്കട നടത്തുന്ന സനീഷ്, ജോലിക്കെത്തിയ സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി എറണാകുളം സൗത്തിലുള്ള ഹോട്ടലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് പുറത്തുകാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കി. 50,000 രൂപയും മോതിരവും വാങ്ങിയെടുത്തു. പല പെണ്‍കുട്ടികളുമായി സനീഷിന് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് ഇനിയും വിളിച്ചാല്‍, നേരത്തേ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
സെന്‍ട്രല്‍ പൊലീസ് കേസെടുത്തതോടെ സനീഷ് ഒളിവില്‍ പോയി. തൊടുപുഴ വഴിത്തലയിലെ ഒളിത്താവളത്തില്‍നിന്നാണ് എറണാകുളം സെന്‍ട്രല്‍ എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് വിജയ്ശങ്കര്‍, എസ്‌ഐമാരായ എസ് പ്രേംകുമാര്‍, എ കെ ദിലീപ് കുമാര്‍, എഎസ്‌ഐ വി എ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സനീഷിനെ പിടികൂടിയത്. സനീഷിനെതിരെ മരട് സ്റ്റേഷനില്‍ പീഡനശ്രമത്തിനും തൊടുപുഴ, നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ മോഷണത്തിനും കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.