Header Ads

  • Breaking News

    പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍



    പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണം. മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്നും പോസ്റ്ററുകളില്‍ വിമര്‍ശനങ്ങളുണ്ട്. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.

    കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവന്‍ ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയണമെന്ന് പോസ്റ്റര്‍ പറയുന്നു. ഗ്രൂപ്പില്ലാ എന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി സതീശന്റെ കോണ്‍ഗ്രസ് വഞ്ചന ജനം തിരിച്ചറിയണം. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി സതീശന്റെ ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക. രക്ഷകന്റെ മുഖംമൂടി അണിഞ്ഞു തന്ത്രപരമായി പുത്തന്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് പ്രസ്ഥാനം നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് വി.ഡി സതീശനെ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. എറണാകുളം ജില്ലയില്‍ സതീശന്റെ അടുപ്പക്കാരനായ മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്റ് ആയേക്കുമെന്നാണ് സൂചനക്കിടെയാണ് പോസ്റ്റര്‍ പ്രതിഷേധം. 

    ഡിസിസി അധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ ഡല്‍ഹിയില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, കെ.സി വേണുഗോപാല്‍, കേരളത്തിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ആഗസ്റ്റ് 13ന് ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്. എല്ലാവരുമായും കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നാണ് സോണിയാഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം.

    x

    No comments

    Post Top Ad

    Post Bottom Ad