Header Ads

  • Breaking News

    വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ പുതിയ വായ്പ പദ്ധതിയുമായി കെ.എസ്.എഫ്.ഇ.



    കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കാൻ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. നേരത്തെ ഡിജിറ്റൽ പഠനസൗകര്യം എല്ലാവർക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം 500 രൂപ തിരിച്ചടവിൽ 15,000 രൂപയുടെ ലാപ്‌ടോപ്പുകൾ അനുവദിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 30 തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടക്കേണ്ടത്. എന്നാൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യാമെന്നേറ്റ കമ്പനികൾ പിന്നോട്ടുപോയി. ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    വിദ്യാർഥികൾ ലാപ്‌ടോപ്പുകൾ / ടാബ്ലറ്റുകളുടെ ബിൽ / ഇൻവോയ്സ് ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ കെ.എസ്.എഫ്.ഇ.യിൽ നിന്ന് അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭ്യമാകുക.

    മാർക്കറ്റിലുള്ള മുൻനിര കമ്പനികൾ ആണ് വിദ്യാശ്രീ പദ്ധതി വഴി ലാപ്ടോപ്പുകൾ വിതരണം ചെയ്യാമെന്ന് ഏറ്റത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ ആവശ്യത്തിനനുസരിച്ച് ഇവ വിതരണം ചെയ്യാൻ കമ്പനികൾക്ക് കഴിഞ്ഞില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് ഇതിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്താത്തതിനാൽ ലാപ്ടോപ്പ് ഉൽപാദനം നടക്കുന്നില്ലെന്നാണ് കമ്പനികളുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി സർക്കാർ മുന്നോട്ടു വച്ചത്.

    വിദ്യാശ്രീ പദ്ധതിയിൽ നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സർക്കാർ പുതിയതായി പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുക. 62,000 ഓളം പേരാണ് പദ്ധതിയിൽ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അയ്യായിരത്തോളം പേർക്ക് മാത്രമാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യാനായത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡ് ആയ കൊക്കോണിക്സ് ലാപ്ടോപ്പുകൾ വിതരണം ചെയ്തെങ്കിലും ഇവ പലതും തകരാറിലായി.

    ലാപ്‌ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ കമ്പനികൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാൻ കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിലവിൽ ഓർഡർ നൽകിയിട്ടുള്ള എച്ച്.പി., ലെനോവോ കമ്പനികളുടെ ലാപ്‌ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

    കൂടുതൽ വിവരങ്ങൾക്കായി കുടുംബശ്രീ സൈറ്റ് സന്ദർശിക്കുക website

    No comments

    Post Top Ad

    Post Bottom Ad