Header Ads

  • Breaking News

    സഞ്ചാരികളെ ഇതിലേ ഇതിലേ;ടൂറിസം ഭൂപടത്തിലേക്ക് ഇനി മലപ്പട്ടം മുനമ്പ് കടവും

    ഉത്തര മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ മലപ്പട്ടം മുനമ്പ് കടവൊരുങ്ങുന്നു. മുനമ്പ് കടവിനെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍- കാസര്‍കാട് ജില്ലകളെ നദികളിലൂടെ ബന്ധിപ്പിക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ജില്ലയിലെ അവസാന കേന്ദ്രമാണ് മലപ്പട്ടം മുനമ്പ് കടവ്.

    പറശ്ശിനിക്കടവില്‍ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും വിനോദ സഞ്ചാര കേന്ദങ്ങളായ പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തും. സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികളെ വൈകുന്നേരത്തോടെ തിരിച്ച് ബോട്ട് ജെട്ടിയില്‍ തിരിച്ചെത്തിക്കും.

    പ്രകൃതിഭംഗിയാണ് മുനമ്പ് കടവിന്റെ മുഖ്യ ആകര്‍ഷണം. പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും മീന്‍ പിടിക്കാനും ഇപ്പോള്‍ തന്നെ ധാരാളം പേര്‍ ഇവിടെ എത്തുന്നുണ്ട്. മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ധാരാളമായി ഇവിടേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇവരെ ആകര്‍ഷിക്കുന്ന വിധം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മുന്‍ എം എല്‍ എ ജയിംസ് മാത്യു മുന്‍കൈയ്യെടുത്താണ് മുനമ്പ് കടവിനെ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

    ആശയനിബന്ധമായാണ് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ തൊഴില്‍ മേഖല, കലാരൂപം, പരിസ്ഥിതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനം. മലപ്പട്ടത്തെ ഉണക്ക് കണ്ടം മുതല്‍ മുനമ്പ് വരെ ഉള്‍പ്പെടുന്ന പ്രദേശത്തെ പരമ്പരാഗത കൈത്തൊഴില്‍ കേന്ദ്രമായാണ് പരിഗണിച്ചത്. കൈത്തൊഴില്‍ പരിചയപ്പെടുത്തുന്നതിനായി അഞ്ച് ആലകള്‍ ഒരുക്കും. പരമ്പരാഗത രീതിയിലുള്ള സ്വര്‍ണ്ണപ്പണി, മഘം കൊണ്ടുള്ള നെയ്ത്ത്, കൈത്തറി, കരകൗശല വസ്തു നിര്‍മ്മാണവും പരിശീലനവും, കുറിയ സമുദായത്തില്‍പ്പെട്ടവരുടെ ഓലക്കുട നിര്‍മ്മാണം, പീഠ നിര്‍മ്മാണം, ഇരുമ്പു ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ആലകള്‍ എന്നിവയാണ് ഇവിടെ സ്ഥാപിക്കുക. 3.26 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉണക്ക് കണ്ടത്തും മുനമ്പിലുമായി 37 ലക്ഷം രൂപ മുതല്‍മുടക്കില്‍ രണ്ട് ബോട്ട് ജെട്ടികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ടിടങ്ങളിലുമായി വിശ്രമ മുറി, ടോയ്ലറ്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവ നിര്‍മ്മിക്കും. ഇരിപ്പിടങ്ങളും മീന്‍ പിടിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലപ്പട്ടം കോവുന്തല തൊട്ട് മുനമ്പ് വരെ നടപ്പാത നിര്‍മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ, പഞ്ചായത്തിന്റെ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ആര്‍ട്ട് ഗാലറിയും സ്ഥാപിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നു. തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നത്.

    മലപ്പട്ടം ടൂറിസം സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മലയോരത്തെ വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഇവിടെ നിന്ന് ആരംഭിക്കുന്നതിനാല്‍ മലയോരത്തിന്റെ കവാടം എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നതെന്ന് മലപ്പട്ടം ടൂറിസം സൊസൈറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പുഷ്പജന്‍ പറഞ്ഞു. മലപ്പട്ടം പഞ്ചായത്ത് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത ലൈബ്രറികളുടെ നാടും കൂടിയാണ്. ഈയൊരു സാധ്യത കൂടി കണക്കിലെടുത്തു ഗവേഷണ ആവശ്യത്തിനായി ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ടൂറിസത്തിന് പുതിയൊരു കാഴ്ചപ്പാട് നല്‍കുന്നതിനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നാടന്‍ കലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന, തിരുവാതിര തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യനുസരണം അവതരിപ്പിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കും.

    തെയ്യങ്ങളുടെ നാട് കൂടിയാണ് മലപ്പട്ടം. ഫെബ്രുവരി മുതല്‍ മെയ് വരെ പ്രദേശത്ത് വിവിധ കാവുകള്‍ കളിയാട്ടത്തിനായി ഉണരും. വൈവിധ്യമാര്‍ന്ന തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുക. പുഴയുമായി പുരാവൃത്ത ബന്ധമുള്ള നീരാളമ്മത്തെയ്യം മലപ്പട്ടത്ത് മാത്രമാണുള്ളത്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന ഈ തെയ്യരൂപം വിദേശ സഞ്ചാരികളെ എന്ന പോലെ തെയ്യം പ്രേമികളെയും ആകര്‍ഷിക്കും.

    മലപ്പട്ടം മുനമ്പ് കടവിന്റെയും പ്രദേശത്തിന്റെയും ഇത്തരം സവിശേഷതകളും തനത് ഭംഗിയും നിലനിര്‍ത്തിക്കൊണ്ടായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. അടുത്ത വര്‍ഷത്തോടെ ബോട്ട് ജെട്ടിയുടെ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മലപ്പട്ടം മുനമ്പ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് നാടും നാട്ടുകാരും.

    No comments

    Post Top Ad

    Post Bottom Ad