Header Ads

  • Breaking News

    കണ്ണൂര്‍ ഡയറ്റ് സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തിറക്കി

    ഡിജിറ്റല്‍ പഠനം: രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമെന്ന് ഡയറ്റ് പഠനം

    പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ണൂര്‍ ഡയറ്റിന്റെ പഠനം. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഠന സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാലയത്തെക്കുറിച്ച് ഡയറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
    ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക പ്രശ്്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി എന്ന നിലയിലാണ് രക്ഷിതാക്കള്‍ക്കായി വീടാണ് വിദ്യാലയം 2.0 എന്ന പേരില്‍ പരിശീലന പരിപാടികള്‍ ഡയറ്റ് സംഘടിപ്പിക്കുന്നത്.
    ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ ജില്ലയിലെ ഏല്ലാ പൊതു വിദ്യാലയങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പ്രത്യേക ചോദ്യാവലികള്‍ നല്‍കികൊണ്ടായിരുന്നു പഠനം നടത്തിയത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനാണ് ചോദ്യാവലിയില്‍ ഊന്നല്‍ നല്‍കിയത്.

    സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് രക്ഷിതാക്കളും കുട്ടികളും ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും , ഭിന്നശേഷി കുട്ടികള്‍ക്കും, ആദിവാസി മേഖലകളില്‍ ഉള്ള കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന രീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളോ പിന്തുണയോ നല്‍കാന്‍ കഴിയുന്നില്ല. രക്ഷിതാക്കളുടെ ഇടപെടല്‍ സമ്മര്‍ദമുണ്ടാക്കുന്നതായി 19 ശതമാനം കുട്ടികള്‍ സര്‍വ്വേയില്‍ വ്യക്തമാക്കി.

    ഡിജിറ്റല്‍ സൗകര്യം ഉണ്ടായിട്ടും ക്ലാസുകള്‍ കാണാത്ത 12 ശതമാനം കുട്ടികള്‍ ഉണ്ട്. മുഴുവന്‍ ക്ലാസുകളും കണ്ടത് 60 ശതമാനം കുട്ടികള്‍ ആണ്. വീടുകളില്‍ പഠനകാര്യത്തില്‍ അച്ഛന്‍മാരുടെ പിന്തുണയില്ലാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
    കുട്ടികളുടെ മൊബൈല്‍ ഉപയോഗം കൂടിയതായും, പഠനത്തില്‍ താത്പര്യം കുറഞ്ഞ് അലസതയേറിയതായും രക്ഷിതാക്കള്‍ വിലയിരുത്തുന്നു. പരീക്ഷ നടത്തി കുട്ടികളുടെ പഠനമികവ് വിലയിരുത്താന്‍ കഴിയുന്നില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. കൂടുതല്‍ കുട്ടികളും തങ്ങളുടെ അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത.് നെറ്റ് വര്‍ക്ക് ലഭ്യത കുറവ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി 81 ശതമാനം രക്ഷിതാക്കളും പറയുന്നു.
    ഓണ്‍ലൈന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അധ്യാപകര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ വിലയിരുത്തി.

    റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കണ്ടെത്തിയ പൊതു പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. അധ്യാപകരുടെ ഇടപെടലും പിന്തുണയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചറര്‍മാരായ ഡോ കെ പി ഗോപിനാഥന്‍, ഡോ കെ പി രാജേഷ്, ലക്ചറര്‍ കെ ബീന എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

    പഠന റിപ്പോര്‍ട്ട് അവതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷനായി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ കെ പി ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ കെ വിനോദ് കുമാര്‍, ഡിപിഎസ്‌കെ ടി പി അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad