Header Ads

  • Breaking News

    സഹായം ചെയ്യാം പക്ഷേ കിടപ്പറയില്‍ സഹകരിക്കണം


    കാന്‍സറെന്ന രോഗം ഓരോ നിമിഷവും ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും രോഗിയ്ക്കും ഉറ്റവര്‍ക്കും മനസില്‍ ശുഭപ്രതീക്ഷയുണ്ടാകും. എല്ലാം മാറും. ആരോഗ്യം തിരിച്ചു കിട്ടും. അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നമാണത്.

     അവര്‍ക്കു താങ്ങും തണലുമാകുന്നവരായിരിക്കണം നാം ഓരോരുത്തരും. കാരണം ഏതു നിമിഷവും ആര്‍ക്കു വേണമെങ്കിലും ഈ അവസ്ഥ വരാം. കാന്‍സറിനോടു യുദ്ധം ചെയ്യുന്നവരുടെ വേദന തിരിച്ചറിയണം. ചുരുങ്ങിയ പക്ഷം അവരെ വേദനിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക. കാരണം കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും അവരെ നിലയില്ലാക്കയത്തിലേക്കു തള്ളിവിടാം.

    കാന്‍സര്‍ രോഗിയായ യുവതിയ്ക്കു നേരിടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ലക്ഷ്മി ജെ. കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്ക് വേണ്ടി ധനസഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വികാരനിര്‍ഭരമായാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. 

    തളരാതെ ജീവിതത്തെ മുറുകെപ്പിടിച്ച് അതിജീവനത്തിന്റെ മുള്‍വഴികളില്‍ നിരന്തരം വേദനയോട് മത്സരിച്ച ആ പെണ്‍കുട്ടിയുടെ കഥ ഫേസ്ബുക്കിലൂടെയാണ് ലക്ഷ്മി പറയുന്നത്.


    ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

    വായിക്കുന്നതിന് മുന്‍പേ……ഇത് നോവലോ നാടകത്തിലെ വരികളോ ഒന്നുമല്ല പച്ചയായ ജീവിതത്തിന്റെ നേര്‍ കാഴ്ച! ബാംഗ്ലൂര്‍ എന്ന കോണ്‍ക്രീറ്റ് കാട്ടില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ ഉള്ള ഒരുപാട് ആള്‍ക്കാരുടെ സമീപനം.

    അങ്ങനെ ഉള്ളവരുടെ കൂടെ ദൈവം പറഞ്ഞു വിട്ടത് പോലെ ഉള്ള കുറച്ചു നല്ല മനുഷ്യര്‍…

    ദൈവത്തിന്റെ പ്രതിരൂപങ്ങള്‍….ഇടം കൈ കൊടുക്കുന്നത് വലതു കൈ പോലും അറിയരുത് എന്ന് ആഗ്രഹിക്കുന്നവര്‍…. അവരെ കുറിച്ച് ലോകം അറിയണം എന്ന് തോന്നി….! ഞാനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ് അതുകൊണ്ടുതന്നെ ആ രോഗത്തിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും എനിക്ക് മനസ്സില്‍ ആകും.ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഒരുപാട് പേരുണ്ട് അങ്ങനെ. നമുക്കോ അല്ലെങ്കില്‍ നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് എങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ പോലും നമുക്ക് മറ്റൊരാളുടെ സങ്കടം കണ്ടു നില്‍ക്കാനാവില്ല. കാരണം അതിന്റെ ദുരന്ത പര്‍വ്വം താണ്ടിയവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകു…

    ഇത് ഒരു പെണ്‍കുട്ടിയുടെ കഥ ആണ്….അവള്‍ക്ക് വേണ്ടി ധന സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ആണ്….ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നവള്‍,…. എല്ലാവരേയും പോലെ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമൊക്കെയായി ജീവിതം തുടങ്ങിയവള്‍…….ഇനിയും അവശേഷിക്കുന്ന കടമകള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഒക്കെയായി ജിവിതത്തെ പകുത്തവള്‍.. ഓരോന്നായി കൈപ്പിടിയിലൊതുക്കി മുന്നേറുമ്പോള്‍ അപ്രതീക്ഷിതമായി കടന്നെത്തിയ അര്‍ബുദമെന്ന വിരുന്നുകാരന്‍…..എന്നിടും തളരാതെ ജീവിതത്തെ മുറുകെപ്പിടിച്ച് അതിജീവനത്തിന്റെ മുള്‍വഴികളില്‍ നിരന്തരം വേദനയോട് മത്സരിച്ചവള്‍…..

    അതുവരെ കാത്തുവെച്ച സമ്പാദ്യങ്ങള്‍ കൈവിരലുകള്‍ക്കിടയിലൂടെ ജലതുള്ളികള്‍ പോലെ വഴുതിപ്പോകുമ്പോള്‍……ഓരോ ദിവസങ്ങളും തീവ്രമായ വേദനയോടെ പുലരുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍..ഒരു നിമിഷമെങ്കിലും ജീവിതത്തെ തിരികെ പിടിക്കാന്‍ നമുക്കിടയിലേക്ക് കൈനീട്ടി ഇറങ്ങേണ്ടി വരുന്ന ഒരുവളുടെ കടുത്ത നിസ്സഹായതയെ പറ്റി ചിന്തിച്ചിട്ടുണ്ടോ..? ആത്മസംഘര്‍ഷങ്ങളെപ്പറ്റി.? ഓരോ രോമകൂപങ്ങളിലൂടെയും ഇറങ്ങിപോകുന്ന സ്വഭിമാനത്തെപ്പറ്റി…..തിളച്ചിറങ്ങുന്ന കണ്ണീരിലും പ്രത്യാശയുടെ തിരിവെട്ടം കാക്കുന്ന നനഞ്ഞ കണ്ണുകളെപ്പറ്റി….

    ഹൃദയത്തിലെ നൂറുനൂറു വേവലാതികളെപ്പറ്റി….അത്രമേല്‍ പ്രതീക്ഷയോടെ ആവണം ചികിത്സാ സഹായം ചോദിച്ചിരിക്കുക,,, മരിക്കുമെന്നുറപ്പുള്ള ഒരുവള്‍ക്ക് വേണ്ടി വെറുതെ പണം നശിപ്പിക്കാനില്ലെന്ന മറുപടി..!ഹോ.. എത്ര ദയനീയമാണത്….! അവനവനിലേക്ക് മാത്രമൊതുങ്ങി,…. നോട്ടുകെട്ടുകള്‍ കിടക്ക വിരിയാക്കി കണ്ണടക്കുന്നവര്‍……..പണത്തെ മാത്രം സ്‌നേഹിച്ച് ഷണ്ഡത്വമണിഞ്ഞവര്‍….

    ഒരു മന:സാക്ഷിക്കുത്തുപോലുമില്ലാതെ….ഒരു ജീവിതത്തെ മരണത്തിലേക്ക് അയക്കുന്നവര്‍….അവശേഷിക്കുന്ന ഒരിത്തിരി പ്രതീക്ഷയെ പോലും തല്ലിക്കെടുത്തുന്നവര്‍.. വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു അടുത്തത്,…! പകരം വെയ്‌ക്കേണ്ടത് അവളുടെ ശരീരമായിരുന്നു….

    അസുഖമൊക്കെ മാറിയിട്ടുമതിയെന്ന ആനുകൂല്യവും…പെണ്ണെന്നാല്‍ തെരുവോരങ്ങളിലെ മാട്ടിറച്ചിക്കടകളില്‍ തൂങ്ങിയാടുന്ന മാംസക്കഷണം മാത്രമാണെന്ന് ധരിക്കുന്നവര്‍….അവശേഷിക്കുന്ന എല്ലിന്‍ കക്ഷണവും കടിച്ച് വലിക്കാന്‍ കാത്ത് നില്‍ക്കുന്ന തെരുവ് നായയുടെ കൊതിയേക്കാള്‍ തരംതാണവര്‍. പെണ്‍ശരീരങ്ങള്‍ ഭോഗവസ്തു മാത്രമാണെന്ന് ധരിച്ചവര്‍.

    ഒന്ന് ചോദിക്കട്ടെ , സ്വന്തം അമ്മ

    ആയിരുന്നെങ്കിലോ..പെങ്ങളോ…മകളോ…ആയിരുന്നെങ്കിലോ..അപ്പോള്‍ മാത്രം പൊള്ളുമല്ലേ,…???? നിലവിളിച്ച് ഓടുമല്ലേ,????

    എവിടെ,….ഒന്നാലോചിച്ചാല്‍ ചിലപ്പോള്‍ ഇങ്ങനെ ഉള്ളവര്‍ അവരിലും രതിച്ചൂട് തിരയുന്നുണ്ടാവാം….വിവേചനബുദ്ധിയില്ലാത്ത കാമം മാത്രം കാണുന്ന മൃഗതൃഷ്ണ നിറഞ്ഞ വിടന്‍മാര്‍..മനുഷ്യത്വം വറ്റിപ്പോയിരിക്കുന്നു. നന്‍മകള്‍ മരിച്ചിരിക്കുന്നു,..ഇവിടമിപ്പോള്‍ നിരന്തരം പെണ്‍ശരീരങ്ങള്‍ ബലിയര്‍പ്പിക്കപ്പെടുന്ന പെണ്ണിന്റെ മണമുള്ള ചിതകള്‍ മാത്രം എരിയുന്ന ചുടലക്കാട് മാത്രമാണ്.

    പ്രായഭേദമില്ലാതെ, ദേശവും ഭാഷയും കാല വ്യത്യാസവുമില്ലാതെ പെണ്‍ശരീരങ്ങളിവിടെ ആഘോഷിക്കപ്പെടുകയാണ്. എത്രയോ കാഴ്ചകളാണ്,….അനുഭവങ്ങളാണ്, നമ്മള്‍ മാത്രം തിരക്കിലാണ് ……പ്രതികരിക്കാതെ , അറിയാതെ. നമ്മിലേക്ക് ചുരുങ്ങിപ്പോകുന്നവര്‍,…..!

    സഹായിക്കാനാവില്ലായിരിക്കാം എന്നാല്‍ വേദന തീന്ന് അത്രമേല്‍ ദുര്‍ബലമായവരോട്..അവരുടെ നിസ്സഹായതക്ക് ശരീരത്തെ വെച്ച് വിലപേശരുത്.

    ഇന്ന് അവളായിരിക്കാം ,…..നാളെ നമ്മുടെ മകളോ ഭാര്യയോ അമ്മയോ പെങ്ങളോ ഒക്കെ ആവാം ചിലപ്പോള്‍ നമ്മള്‍ തന്നെയാവാം. അപ്പോള്‍ മാത്രമേ നമ്മള്‍ പഠിക്കു..ഒരു ജീവിതത്തിന്റെ വില. അത് ക്കൈയ്യിലൊതുക്കാന്‍ പാടുപെടുന്നവരുടെ നെഞ്ചിടിപ്പുകള്‍….വെറുപ്പ് തോന്നുന്നില്ലേ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ…കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെ പകര്‍ത്താനാവാത്ത കണ്ണുകളെയോര്‍ത്ത്. ആര്‍ത്തലച്ചൊടുവില്‍ തളര്‍ന്ന് നിശ്ചലമായ കരച്ചിലുകളെ കേള്‍ക്കാത്ത കാതുകളെയോര്‍ത്ത്..കണ്ണീര് കലര്‍ന്ന് ദൈന്യമായ നോട്ടങ്ങളെ മൗനം കൊണ്ട് അവഗണിച്ച നാവിനെയോര്‍ത്ത്. തികരിക്കുവാനാവുമായിരുന്നിട്ടും അനക്കമറ്റ് ഷണ്ഡത്വം പൊതിഞ്ഞ കരങ്ങളെയോര്‍ത്ത്..

    അവനവനിലേക്ക് മാത്രം ഒതുങ്ങി തീര്‍ത്ത ഹൃദയത്തെ ഓര്‍ത്ത്…കണ്ണുകള്‍ കൊണ്ടും ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ആഴത്തില്‍ ചിന്തിച്ചു നോക്കുക.

    കാരണം ഇതൊരു കഥയല്ല , ജീവിതമാണ്. ഒരാളുടെയല്ല, നമുക്കിടയിലെ നിസഹായരായ ഒരുപാട് പേരുടെ..ചിന്തിച്ച് കാണില്ല, അതിനുള്ള സമയം നമുക്കില്ലായിരുന്നുവല്ലോ. എന്നാല്‍ ചിന്തിച്ച ചിലരുണ്ട്, നമുക്കിടയില്‍ തന്നെയുള്ളവര്‍. സഹായവാഗ്ദാനങ്ങളുടെ നിഴല്‍ മറക്കിടയില്‍ അറപ്പില്ലാതെ മാംസംകൊതിച്ചവര്‍, കൊല്ലാതെ കൊല്ലുന്നവര്‍..!

    എന്നാല്‍ നന്‍മയുടെ ഉറവകള്‍ ഇപ്പോഴും ഹൃദയത്തിലൊഴുകുന്ന ചിലരുമുണ്ട്….ആരുമില്ലാത്തവര്‍ക്ക്,…..എല്ലാ ആശ്രയങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ഒടുവില്‍ ദൈവം അറിഞ്ഞു നല്‍കുന്ന വരം,….ചിലപ്പോള്‍ ദൈവത്തേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നവര്‍…..അങ്ങിനെയുള്ള ഒന്ന് രണ്ട് പേരുടെ നല്ലമനസ്സാണ് ഇപ്പോഴുമവളും അവളെ പോലുള്ള കുറച്ചു പേരും ജീവിച്ചിരിക്കുന്നത്,….!

    ഇവരൊക്കെയാണ് കാണപ്പെട്ട ദൈവങ്ങളെന്ന് അറിയപ്പെടേണ്ടത്…..ഇങ്ങനെയുള്ള ഈ കാലത്ത് മറ്റൊന്നും ആഗ്രഹിക്കാതെ സഹായിക്കാന്‍ മനസ്സ് കാണിച്ച പൂര്‍ണമായി വ്യത്യസ്തരായ രണ്ട് മൂന്ന് പേര്‍. മൂന്ന് പേരും ബാംഗ്ലൂര്‍ മലയാളികള്‍. അവരുടെ നന്മ മറ്റുള്ളവര്‍ കൂടി അറിയണമെന്ന് തോന്നി. ആ വലിയ മനുഷ്യരുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇന്ന് ഈ ബാംഗ്ലൂര്‍ സിറ്റിയില്‍ അഞ്ചു രോഗികള്‍ ചികിത്സ തുടരുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്നുള്ളതിന് ഉത്തമ തെളിവാണ് ഇവര്‍. ഒരുപക്ഷേ ആ കുഞ്ഞുങ്ങളുടെ ജീവിതം രക്ഷിക്കാന്‍ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാര്‍. ഇതൊക്കെയല്ലേ ശരിക്കും ഷെയര്‍ ചെയ്യേണ്ടത്?

    -നിസ്സഹായത


    No comments

    Post Top Ad

    Post Bottom Ad