Header Ads

  • Breaking News

    ഇരട്ട വോട്ടുകള്‍ കണ്ടെത്തി കള്ളവോട്ട് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടര്‍

    നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നടപടിക്രമങ്ങള്‍ വിശദീകരിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കലക്ടര്‍ കത്തയച്ചു.

    നടപടികളുടെ ഭാഗമായി തഹസില്‍ദാര്‍മാരുടെ (ഇആര്‍ഒ) നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ച് ഓരോ മണ്ഡലത്തിലെയും വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഒരേ മണ്ഡലത്തിലോ വ്യത്യസ്ത മണ്ഡലങ്ങളിലായോ ഒരാളുടെ തന്നെ ഒന്നിലധികം എന്‍ട്രികള്‍, ഒരേ ഫോട്ടോയിലും അഡ്രസ്സിലും വ്യത്യസ്ത പേരുകളില്‍ വോട്ടര്‍മാര്‍, ഒരേ വോട്ടര്‍ ഐഡി നമ്പറില്‍ വ്യത്യസ്ത വോട്ടര്‍മാര്‍ എന്നീ കേസുകള്‍ കണ്ടെത്തുന്നതിനാണിത്. മാര്‍ച്ച് 25നു മുമ്പായി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കും.

    പരിശോധന നാല് ഘട്ടങ്ങളിലായി
    ഇആര്‍ഒനെറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പേര്, ജനനതീയതി, വയസ്സ്, ലിംഗം തുടങ്ങിയ വിശദാംശങ്ങള്‍ വച്ച് തെരച്ചില്‍ നടത്തുന്നതാണ് പരിശോധനയുടെ ആദ്യപടി. ഇതുപ്രകാരം ഇആര്‍ഒനെറ്റില്‍ സാദൃശ്യമുള്ള വോട്ടര്‍മാരെ കണ്ടെത്തുന്നതിനുള്ള ഡിഎസ്ഇ (ഡിമോഗ്രഫിക്കലി സിമിലര്‍ എന്‍ട്രീസ്) സംവിധാനത്തിന്റെ സഹായത്തോടെ ഒരേപോലെയുള്ളത് (മാച്ച്), ഒരേപോലെയല്ലാത്തത് (നോട്ട് മാച്ച്), സംശയാസ്പദമായത് (ഡൗട്ട്ഫുള്‍) എന്നിങ്ങനെ എന്‍ട്രികള്‍ തരംതിരിക്കുന്നതാണ് അടുത്ത ഘട്ടം.

    ഇവയില്‍ ഒരേപോലെയുള്ളവയും സംശയമുള്ളവയുമായ എന്‍ട്രികള്‍ കണ്ടെത്തി ഫീല്‍ഡ് വെരിഫിക്കേഷന് വേണ്ടി ബിഎല്‍ഒമാര്‍ക്ക് നല്‍കും. തുടര്‍ന്ന് ഇആര്‍ഒനെറ്റില്‍ ലഭ്യമായ ഡിഎസ്ഇ, ലോജിക്കല്‍ എറര്‍ എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച് ഒന്നിലധികം വോട്ടുകളുള്ള വോട്ടര്‍മാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക (മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റ്) തയ്യാറാക്കും.

    നടപടികള്‍ മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കും
    ഈ പട്ടിക ബിഎല്‍ഒമാര്‍ക്ക് കൈമാറി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തും. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഇക്കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. ഒന്നിലധികം വോട്ടുകളുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നും ഇത് ലംഘിക്കുന്നവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുമെന്നുമുള്ള കൃത്യമായ മുന്നറിയിപ്പ് ബിഎല്‍ഒമാര്‍ നല്‍കണം. ബിഎല്‍ഒമാര്‍ വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ പാടില്ല. ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റില്‍ വോട്ടിന്റെ നിജസ്ഥിതി രേഖപ്പെടുത്തും. എഡിഎസ് (ആബ്‌സന്റ് ഡെത്ത് ഷിഫ്റ്റ്) പട്ടിക തയ്യാറാക്കുന്നതിനോടനുബന്ധിച്ച് മാര്‍ച്ച് 30ന് മുമ്പായി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

    No comments

    Post Top Ad

    Post Bottom Ad