Header Ads

  • Breaking News

    സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകം; ചെലവുകള്‍ അറിയിക്കണം



    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന പ്രചാരണ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുന്‍കൂര്‍ അനുമതി വേണം.

    ദിനപ്പത്രം ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങള്‍, ടിവി ചാനലുകള്‍, കേബിള്‍ ടിവി, റേഡിയോകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്കു സമാനമായി നവമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തെരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇവയില്‍ നല്‍കുന്ന പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും വ്യക്തമായ കണക്കുകള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഹാജരാക്കണം. പ്രചാരണാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നല്‍കുന്ന പണവും പ്രചാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും മറ്റും വേണ്ടിവരുന്ന ചെലവുകളും ഇതില്‍ ഉള്‍പ്പെടും.

    നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടെടുപ്പ് ദിനത്തിലും തലേദിവസവും ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യം നല്‍കുന്നതിന് സംസ്ഥാനതലത്തിലോ, ജില്ലാതലത്തിലോ എംസിഎംസിയുടെ അംഗീകാരം വേണം. പ്രചാരണത്തിനായി ഇ പേപ്പറില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
    ഇതിനു പുറമെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ബള്‍ക്ക് എസ്എംഎസ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍, സിനിമാ ഹാളിലും പൊതു സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍ എന്നിവയ്ക്കും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.

    തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, പെയ്ഡ് ന്യൂസ് പരിശോധിക്കല്‍, മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയാണ് എംസിഎംസിയുടെ ചുമതല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടര്‍ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുളള തുടര്‍ നടപടികള്‍ സ്വീകരിക്കും.

    No comments

    Post Top Ad

    Post Bottom Ad