Header Ads

  • Breaking News

    മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം



    മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി.

    പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി ആവുക എന്നതാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. കേരള എന്‍സിപി എന്നതാകും പാര്‍ട്ടിയുടെ പേരെന്ന് മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

    ഭരണഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് തിരുവനന്തപുരത്ത് നേതാക്കള്‍ പ്രത്യേക യോഗം ചേരുന്നത്. ബാബു കാര്‍ത്തികേയന്‍, സലിം പി. മാത്യു, സുള്‍ഫിക്കര്‍ മയൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ജില്ലാ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. 24 ന് പാര്‍ട്ടിയും ജില്ലാ ഭാരവാഹികളെയും പ്രഖ്യാപിക്കും. സമാന്തരമായി യുഡിഎഫ് പ്രവേശന ചര്‍ച്ചകളും നടക്കും.

    പാലായ്ക്ക് പുറമെ കായംകുളവും, മലബാര്‍ മേഖലയില്‍ ഒരു സീറ്റും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ കാപ്പനെ ഘടക കക്ഷിയാക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനാണ് ഒരു വിഭാഗം യുഡിഎഫ് നേതാക്കളുടെ താത്പര്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ആവര്‍ത്തിച്ചു. ജില്ലകളില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഒപ്പം നിര്‍ത്തി ഒന്നിലധികം സീറ്റുകള്‍ നേടിയെടുക്കാനാണ് കാപ്പന്‍ വിഭാഗത്തിന്റെ നീക്കം.

    No comments

    Post Top Ad

    Post Bottom Ad