Header Ads

  • Breaking News

    വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തിലെത്തിക്കാനായി: മുഖ്യമന്ത്രി



    കെപിപി നമ്പ്യാര്‍ സ്മാരക ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

    വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തില്‍ തിരികെയെത്തിക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇലക്ട്രോണിക്സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായ പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണെന്നും മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള സ്ഥാപനത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മഭൂഷണ്‍ ഡോ. കെ പി പി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രത്തിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തിന്റെ ഇലക്ട്രോണിക്സ് രംഗത്തെ വികസനത്തിന് വഴിതെളിയിച്ച് മുന്‍പേ നടന്ന മഹദ് വ്യക്തിയായിരുന്നു കെ പി പി നമ്പ്യാര്‍. ഇലക്ട്രോണിക്സ് രംഗത്ത് കേരളം ഇന്ത്യക്കും ലോകത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ആ വലിയ മനുഷ്യന്റെ ഒരു സ്വപ്നമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. കെല്‍ട്രോണില്‍ ആദ്യകാലത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ താല്‍പര്യം കാണിച്ചത് കെ പി പിയായിരുന്നു. അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരവാണ് പുതിയ സംരംഭം. ആദ്യഘട്ടമായി 18 കോടി രൂപ ചെലവിലാണ് സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രം ഒരുങ്ങുന്നത്. ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലകളില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ട്. നിലവില്‍ ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുകയാണ്. കെല്‍ട്രോണില്‍ പുതിയ കേന്ദ്രം ഒരുങ്ങുന്നതോടെ ആവശ്യമായ കപ്പാസിറ്ററുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാനാകും.

    പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കപ്പാസിറ്റര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതോടെ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനാകും- മുഖ്യമന്ത്രി പറഞ്ഞു.
    വ്യവസായരംഗത്ത് പുതിയ കാലത്തെ മാറ്റങ്ങള്‍ക്കൊപ്പം കുതിക്കുകയാണ് കേരളം. ഈ മുന്നേറ്റത്തില്‍ ഏറ്റവും പ്രധാനമാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന മികച്ച പ്രകടനം. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. എന്നാല്‍ പൊതുമേഖല വ്യവസായത്തെ സംരക്ഷിച്ച് വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്ഥാപനത്തെക്കുറിച്ച് വിശദമായ പഠനം നടത്തി. ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി അനുയോജ്യമായ നവീകരണ- വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി.

    മാനേജ്മെന്റ് രംഗത്ത് വിദഗ്ധരെ നിയോഗിച്ചു. കൃത്യമായ ഇടവേളകളില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി. അതിന്റെ ഫലം ഇന്ന് കേരളത്തില്‍ കാണുകയാണ്. പൊതുവില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ എല്ലാം നല്ല ഉണര്‍വിലായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നാടിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാനാവും. നാടിന്റെ നന്മയുടെ ഭാഗമാണ് പൊതുമേഖല. ഒരു സ്ഥാപനവും അടച്ചുപൂട്ടാതെ പരമാവധി സ്ഥാപനങ്ങളെ വളര്‍ത്തി പുരോഗതിയിലേക്ക് കൊണ്ടുപോകുകയും തൊഴില്‍ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ നയമെന്നും അവ നല്ല രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നതിന്റെ മികച്ച ഉദാഹരണമാണ് കണ്ണൂര്‍ കെല്‍ട്രോണിലെ വികസന പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കല്ല്യാശ്ശേരിയിലെ കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ പത്മഭൂഷണ്‍ ഡോ. കെ പി പി നമ്പ്യാര്‍ സ്മാരക മന്ദിരം ഉള്‍പ്പെടെ 23.77 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറായിരുന്ന പത്മഭൂഷന്‍ ഡോക്ടര്‍ കെ പി പി നമ്പ്യാരുടെ സ്മരണാര്‍ഥം രണ്ടു കോടി രൂപ ചെലവിലാണ് ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രം സജ്ജമാക്കിയത്. കെ പി പി നമ്പ്യാരുടെ ശാസ്ത്ര വികസന ദര്‍ശനങ്ങള്‍, കെല്‍ട്രോണിന്റെയും ഇലക്ട്രോണിക്‌സിന്റെയും വളര്‍ച്ചയുടെ ഘട്ടങ്ങള്‍, സയന്‍സ് ഗാലറി, വിദ്യാര്‍ഥികളെ ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനും പ്രേരിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍, ഗവേഷണ പരീക്ഷണ ശാലകള്‍ എന്നിവയാണ് സ്മാരക മന്ദിരത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്രത്തെ സമ്പൂര്‍ണ്ണ ഇലക്ട്രോണിക്‌സ് ഗവേഷണ വിഭാഗമായി മാറ്റുകയാണ് ലക്ഷ്യം. ഐഎസ്ആര്‍ഒ, സി മെറ്റ്, എന്‍എംആര്‍എല്‍ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ 18 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കൂടാതെ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച മെറ്റലൈസ്ഡ് പോളി പ്രൊപ്പലിന്‍ മോട്ടോര്‍ റണ്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രവും, 1.77 കോടി ചെലവ് വരുന്ന വെയര്‍ഹൗസ്, മെറ്റലൈസിങ്ങ് പ്ലാന്റ്, ടൂള്‍ റൂം, ആര്‍ ആന്റ് ഡി, ഐ ടി നവീകരണ പദ്ധതികളുടെ സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

    വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. കെ പി പി സ്മാരക മന്ദിരത്തില്‍ ഉണ്ണി കാനായി രൂപ കല്‍പന ചെയ്ത ഏഴ് അടി ഉയരമുള്ള വെങ്കല പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണമൂര്‍ത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി വി രാജേഷ് എംഎല്‍എ, വവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ്, കെ സി സി എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ജി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    The post വൈവിധ്യവല്‍ക്കരണത്തിലൂടെ കെല്‍ട്രോണിനെ വിജയപഥത്തിലെത്തിക്കാനായി: മുഖ്യമന്ത്രി appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad