Header Ads

  • Breaking News

    തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: മുഖ്യമന്ത്രി

    30 കോടിയുടെ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

    കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന മുഴുവന്‍ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ 30 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 30 കോടിയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാന്‍സര്‍ ചികിത്സ രംഗത്ത് എം സി സി നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    12 കോടിയുടെ പെറ്റ് സി ടി സ്‌കാന്‍, 3.43 കോടിയുടെ കാന്‍സര്‍ ബയോബാങ്ക്, 3.50 കോടിയുടെ ടെലികൊബാള്‍ട്ട്, 1.60 കോടി രൂപയുടെ എച്ച് ഡി ആര്‍ ബ്രാക്കി തെറാപ്പി, 40 ലക്ഷം രൂപയുടെ ബ്ലഡ് ആന്‍ഡ് മാരോ ഡോണര്‍ രജിസ്ട്രി, ഒമ്പത് കോടി രൂപയുടെ ജനറല്‍ സ്റ്റാഫ് കോട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
    സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പെറ്റ് സി ടി സ്‌കാനര്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ ആശുപത്രി ആണ് എം സി സി. ഇത്രയും കാലം പി ടി സ്‌കാന്‍ ചെയ്യാന്‍ പുറത്തുള്ള ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.

    എല്‍ എസ് ഒ ക്രിസ്റ്റല്‍ ടെക്‌നോളജിയില്‍ ഏറ്റവും കുറഞ്ഞ റേഡിയേഷന്‍ ഡോസില്‍ ടൈം ഓഫ് ഫ്ലൈറ്റ് ടെക്‌നോളജിയിലൂടെ ഏറ്റവും വേഗത്തില്‍ ഈ ഉപകരണങ്ങള്‍ വഴി സ്‌കാനിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും. സംസ്ഥാനത്തെ ആദ്യ ബയോബാങ്കും എം സി സി യില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഗവേഷണ ആവശ്യങ്ങള്‍ക്കായി ചിട്ടയായ രീതിയില്‍ സംഘടിപ്പിച്ച മനുഷ്യ ജൈവ സാമ്പിളുകളുടെയും അനുബന്ധ വിവരങ്ങളുടെയും ശേഖരമാണ് ബയോബാങ്ക്. മരുന്നുകള്‍, ബയോമാര്‍ക്കര്‍ എന്നിവ വികസിപ്പിക്കുന്നതിനും ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്കും ബയോബാങ്കിനെ ഉപയോഗപ്പെടുത്താന്‍ കഴിയും. എം സി സിയിലെ പി ജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായി 345 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി ലഭിച്ചതായി എം സി സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം അറിയിച്ചു.
    എം സി സി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. എ എന്‍ ഷംസീര്‍ എം എല്‍ എ, കൗണ്‍സിലര്‍ വി വസന്ത, എം സി സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം, ക്ലിനിക്കല്‍ ലബോര്‍ട്ടറി സെര്‍വീസസ് ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് വിഭാഗം മേധാവി ഡോ സംഗീത നായനാര്‍ എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad