Header Ads

  • Breaking News

    സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിനയായി; വടക്കാഞ്ചേരി അഴിമതിയിലെ യഥാര്‍ത്ഥ വില്ലൻ?

    കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി ആരോപണത്തിൽ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ യുവി ജോസിനെ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യത. വിവിധ കേസുകളില്‍ ജയിലിലുള്ള എം ശിവശങ്കറിനേയും സ്വപ്‌നാ സുരേഷിനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്യും. കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത്. ലൈഫ് മിഷനില്‍ എന്താണ് സംഭവിച്ചതെന്ന സത്യം പുറത്തു വരാന്‍ യുവി ജോസിന്റെ അറസ്റ്റ് അനിവാര്യമാണ്. ഐഎഎസുകാരനെന്ന ഉത്തരവാദിത്തം യുവി ജോസ് നിര്‍വ്വഹിച്ചില്ല. കുറ്റം എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.

    എന്നാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനു വേണ്ടി സ്വപ്നയും കൂട്ടാളികളും കോഴ വാങ്ങിയെന്ന ആരോപണത്തിലാണു വിജിലന്‍സ് കേസെടുത്തത്. എന്നാല്‍, യുഎഇ കോണ്‍സല്‍ ജനറലും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍കിട തിരിമറി അന്വേഷിക്കാന്‍ വിജിലന്‍സിനു പരിമിതിയുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം സിബിഐയ്ക്ക് നടത്താം. എല്ലാ ലൈഫ് മിഷന്‍ പ്രോജക്ടുകളും സിബിഐ പരിശോധിക്കാനും സാധ്യതയുണ്ട്. വടക്കാഞ്ചേരിയിലാകും ആദ്യ അന്വേഷണം. റെഡ് ക്രസന്റ് ഉടമ സന്തോഷ് ഈപ്പനേയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കേസില്‍ സന്തോഷ് ഇപ്പനെ മാപ്പു സാക്ഷിയാക്കാനും സാധ്യത ഏറെയാണ്.

    കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്വപ്നയ്ക്കും പണവും പാരിതോഷികവും നല്‍കിയതിനെക്കുറിച്ചു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ധാരണാപത്രം മറികടന്ന് കരാറില്‍ ഏര്‍പ്പെട്ട് വിദേശ സഹായം തന്റെ കൈവശമെത്തിച്ചത് സന്തോഷ് ഈപ്പന്‍ അറിഞ്ഞു തന്നെയാണെന്നാണു വ്യക്തമാകുന്നത്. ഇടനിലക്കാരനായി, സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ക്കു പണം പ്രതിഫലമായി നല്‍കിയെന്ന സമ്മതവും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന ആരോപണം ശരിയാണെന്നു സൂചിപ്പിക്കുന്നതായി കോടതി പറഞ്ഞു. ഇതെല്ലാം സിബിഐയ്ക്ക് അതിശക്തമായ അന്വേഷണത്തിന് സാഹചര്യമൊരുക്കുന്നതാണ്. വൈകാതെ തന്നെ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് സിബിഐ കടക്കും.

    സംസ്ഥാനത്തിലെ പ്രളയ ബാധിതര്‍ക്കു വീടുകളും ആശുപത്രിയും പണിയാന്‍ വേണ്ടി റെഡ് ക്രോസ് സംഘടനയായ യുഎഇ റെഡ് ക്രസന്റ് സംസ്ഥാന സര്‍ക്കാരിനു നല്‍കിയ സംഭാവനയാണ് കള്ളക്കളികളിലൂടെ സന്തോഷ് ഈപ്പനിലേക്ക് എത്തിയത്. ഇത് എല്ലാവരും കൂടി പങ്കിട്ടു വാങ്ങുകയും ചെയ്തു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും കൂട്ടാളികളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചു. കരാറില്‍ നിന്നു സര്‍ക്കാര്‍ ഏജന്‍സി മാറിനിന്നതോടെ, സര്‍ക്കാര്‍ ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണത്തിന്റെ ചെലവും നടപടിക്രമങ്ങളും പോലും സിഎജി ഓഡിറ്റിനു പുറത്തായി. റെഡ് ക്രസന്റില്‍ നിന്നുള്ള സംഭാവനാ കൈമാറ്റത്തിന് ഇടനില നിന്നതു വഴിയുള്ള കോഴ ഇടപാടില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലിന്റെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതി വിലയിരുത്തി.

    അതേസമയം യൂണിടാക് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ്, സെയിന്‍ വെഞ്ചേഴ്‌സ് എല്‍എല്‍പി എന്നിവര്‍ തുടര്‍കരാറുണ്ടാക്കിയത് യുഎഇ കോണ്‍സുലേറ്റ് ജനറലുമായാണ്. ധാരണാപത്രമുണ്ടാക്കിയ യുഎഇ റെഡ് ക്രസന്റ്, സംസ്ഥാന സര്‍ക്കാര്‍, ലൈഫ് മിഷന്‍ എന്നിവര്‍ കരാറില്‍ ഇല്ല. ഇത്തരത്തിലുള്ള കരാറിനു സാധുതയില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കരാര്‍ തന്നെ അപ്രസക്തമാകുകയാണ്.

    വിദേശ സഹായം നല്‍കുന്നയാളെയും സ്വീകരിക്കുന്നയാളെയും ഉള്‍പ്പെടുത്താതെ, ലൈഫ് മിഷന്‍ സിഇഒ ഉള്‍പ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും സഹായത്തോടെയും കരാറുകളില്‍ കൃത്രിമം കാട്ടിയെന്നു ഹൈക്കോടതി. വിദേശസഹായം മൂന്നാമതൊരാളിലേക്കു വഴിമാറ്റിവിട്ടത് സംസ്ഥാന സര്‍ക്കാരിന്റെയോ സഹായം നല്‍കുന്നയാളുടെയോ ഇടപെടല്‍ ഇല്ലാതിരിക്കാനുള്ള വിദ്യയാണ്. കരാറുകള്‍ ലൈഫ് മിഷന്‍ സിഇഒ സ്വീകരിച്ച്‌ നടപ്പാക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതും ദൗര്‍ഭാഗ്യകരമാണ്. യൂണിടാക് എനര്‍ജി സൊല്യൂഷന്‍സ് തയാറാക്കിയ കെട്ടിട നിര്‍മ്മാണ പ്ലാന്‍, ധാരണാപത്രം അനുസരിച്ചുള്ള കരാറില്ലാതെ സ്വീകരിച്ചതും നടപടികള്‍ ലംഘിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുവദിച്ചതും ഉള്‍പ്പെടെയുള്ള നടപടികളും വിചിത്രമാണെന്നു കോടതി പറഞ്ഞു.

    നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ താരപദ്ധതികളിലൊന്നാണു ലൈഫ് മിഷനെന്നും തീരുമാനമെടുത്തു എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാണ്. നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിയമവിധേയമായി നടപ്പാക്കേണ്ടതു ഉദ്യോഗസ്ഥരുടെ കടമയാണ്. ക്രമക്കേടുകള്‍ പരിഹരിക്കുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പിഴവുപറ്റിയാല്‍ ക്രിമിനല്‍ ബാധ്യത മുഖ്യമന്ത്രിയിലോ മന്ത്രിമാരിലോ നിയമസഭയിലോ ചുമത്താനാവില്ലെന്നും കോടതി പറയുന്നു.

     

    No comments

    Post Top Ad

    Post Bottom Ad