Header Ads

  • Breaking News

    വികസന നിറവില്‍ ധര്‍മ്മടം;പാറപ്രം-മേലൂര്‍ക്കടവ് റോഡ് ഉദ്ഘാടനം ശനിയാഴ്ച

     



    കണ്ണൂര്‍: പിണറായി, ധര്‍മ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം-മേലൂര്‍ക്കടവ് പാലവും അനുബന്ധ റോഡും ഉദ്ഘാടനത്തിനൊരുങ്ങി. പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്ന ആശയം മുന്‍ നിര്‍ത്തിയുള്ള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളെന്ന മുഖ്യ ലക്ഷ്യമാണ് മേലൂര്‍ക്കടവ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും പൂര്‍ത്തീകരണത്തോടെ സാധ്യമാകുന്നത്. പാലവും റോഡും ജനുവരി ഒമ്പത്(ശനിയാഴ്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും.

    പാലം ഗതാഗത യോഗ്യമാകുന്നതോടെ മമ്മാക്കുന്ന് പാലം വഴി കണ്ണൂര്‍, എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിലേക്കും പാറപ്രം പാലം വഴി പിണറായി, മാവിലായി, മൂന്നുപെരിയ, കൂത്തുപറമ്പ്, മമ്പറം, ചക്കരക്കല്ല്, അഞ്ചരക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും. ഇത് പ്രദേശത്തിന്റെ  വികസനത്തിന് മുതല്‍ക്കൂട്ടാവും.

    2009ല്‍ നിര്‍മ്മാണമാരംഭിച്ച മേലൂര്‍ക്കടവ് പാലം 2013 ലാണ് പൂര്‍ത്തിയായത്. സ്ലാബ് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന് ആകെ 66.96 മീറ്റര്‍ നീളമുള്ള ആര്‍സിസി ബീമും  മൂന്ന് സ്പാനുകളുമാണുള്ളത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാത ഉള്‍പ്പെടെ  11.05 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം.  പണി പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡ് നിര്‍മ്മാണം നടത്താത്തതിനാല്‍ പാലം പൂര്‍ണമായി ഗതാഗത യോഗ്യമായിരുന്നില്ല. 2018 ലാണ് അനുബന്ധ റോഡ് നിര്‍മ്മാണത്തിന് ഉത്തരവായത്. ഏഴ് കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. പ്രളയവും കൊവിഡ് സാഹചര്യങ്ങളും മൂലം 2019ല്‍ പൂര്‍ത്തിയാക്കേണ്ട പണി നീണ്ടു പോവുകയായിരുന്നു.

    മേലൂര്‍ വടക്ക് ബസ് സ്‌റ്റോപ്പ് മുതല്‍ പാറപ്രം പള്ളിക്കാട് വരെ ഏഴ് മീറ്റര്‍ വീതിയിലും 1.3 കിലോമീറ്റര്‍ നീളത്തിലുമാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ  മുഴുവന്‍ നീളത്തിലും സംരക്ഷണ ഭിത്തിയും ഏകദേശം 700 മീറ്റര്‍ നീളത്തില്‍ റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഒരു പൈപ്പ് കള്‍വര്‍ട്ട് ഉള്‍പ്പെടെ നാല് കലുങ്കുകളാണ് നിര്‍മ്മിച്ചത്. മേലൂര്‍ ജംഗ്ഷനില്‍ ബസ്‌ബേയും നിര്‍മ്മിച്ചു.

    റോഡരികിലെ വൈദ്യുതി തൂണുകളും കേബിളുകളും മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ അപ്രോച്ച് റോഡിനായി ഏഴ് കോടി രൂപയും പാലത്തിന് ആറ് കോടി രൂപയും സ്ഥലമേറ്റെടുപ്പിനായി 3.80 കോടി രൂപയുമടക്കം 17 കോടിയോളം രൂപയാണ് ആകെ ചെലവ്.  കിഫ്ബി സഹായത്തോടെ ആറാം മൈല്‍ – പാറപ്രം റോഡ്  നവീകരിച്ചതിന്റെയും സി ആര്‍ എഫില്‍ ഉള്‍പെടുത്തി അണ്ടലൂര്‍ – പറശ്ശിനിക്കടവ് റോഡ് നവീകരിച്ചതിന്റെയും തുടര്‍ച്ചയായി മേലൂര്‍ക്കടവ് പാലവും  അനുബന്ധ റോഡും ഗതാഗതയോഗ്യമാകുന്നതോടെ മികച്ച റോഡ് ശൃംഖലയാണ് ജില്ലയില്‍ യാഥാര്‍ഥ്യമാകുന്നത്.



    നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

    No comments

    Post Top Ad

    Post Bottom Ad